ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഡെർബി നഗരത്തിൽ ശനിയാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഇന്ത്യക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ഇയാൾ മലയാളിയാണെന്ന അനൗദ്യോഗിക വിവരങ്ങൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . ആശ്രിത വിസയിൽ യുകെയിലെത്തിയ ഇയാൾ പങ്കാളിയുമായി വേർപിരിഞ്ഞ ശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാല്‍ ഇയാളുടെ വ്യക്തിഗത വിവരങ്ങൾ സംബന്ധിച്ച് പൊലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

ഐടി മേഖലയിലായിരുന്നു പ്രതി ജോലി ചെയ്തിരുന്നതെന്നാ ണ് അറിയാൻ സാധിച്ചത് . ഇടയ്ക്കിടെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭീകരവാദ സാധ്യതയുൾപ്പെടെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനായി കൗണ്ടർ-ടെററിസം ഉദ്യോഗസ്ഥരും അന്വേഷണത്തിൽ പങ്കുചേരുന്നുണ്ടെങ്കിലും, ഇത് ഭീകരാക്രമണമെന്ന നിലയിൽ ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

പ്രതിക്കെതിരെ കൊലപാതകശ്രമം, അപകടകരമായ ഡ്രൈവിങ്, ഗുരുതര പരിക്ക് ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തിരക്കേറിയ സമയത്ത് വിനോദ കേന്ദ്രമായ ഡെർബിയിൽ ഉണ്ടായ ഈ സംഭവം വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട മൊബൈൽ ദൃശ്യങ്ങൾ, സിസിടിവി, ഡാഷ്‌കാം തെളിവുകൾ എന്നിവ കൈവശമുള്ളവർ പൊലീസിനെ സമീപിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. പേര് വെളിപ്പെടുത്താതെ വിവരങ്ങൾ നൽകുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രാദേശിക സമയം രാത്രി 9.30ഓടെ ഫ്രയർ ഗേറ്റ് പ്രദേശത്ത് കറുത്ത സുസുക്കി സ്വിഫ്റ്റ് കാർ കാൽനടക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെങ്കിലും ജീവൻ അപകടത്തിലല്ലെന്ന് പൊലീസ് അറിയിച്ചു.











Leave a Reply