ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡെർബി നഗരമധ്യത്തിൽ കാൽനട യാത്രികരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതിയുടെ പേര് പോലീസ് വെളിപ്പെടുത്തി. 36 വയസുകാരനായ സന്ധു പൊന്നച്ചനാണ് സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നത് . ഇന്ത്യയിൽ നിന്നുള്ളയാളായ പ്രതി മലയാളിയാണെന്ന അനൗദ്യോഗിക വിവരങ്ങൾ പുറത്തുവന്നിരുന്നെങ്കിലും ഇതുസംബന്ധിച്ച് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല .

ആശ്രിത വിസയിൽ യുകെയിലെത്തിയ ഇയാൾ പങ്കാളിയുമായി വേർപിരിഞ്ഞ ശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത് . ഐടി മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നതെന്നും ഇടയ്ക്കിടെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സംഭവത്തിൽ ഭീകരവാദ സാധ്യത പരിശോധിച്ചെങ്കിലും, നിലവിൽ അത് ഭീകരാക്രമണമെന്ന നിലയിൽ കാണുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച രാത്രി ഫ്രയർ ഗേറ്റ് പ്രദേശത്താണ് സംഭവം നടന്നത്. കറുത്ത സുസുക്കി സ്വിഫ്റ്റ് കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു . ഗുരുതരമായി പരിക്ക് ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ആറു കേസുകളും , അപകടകരമായ ഡ്രൈവിംഗ്, ആയുധം കൈവശം വച്ചത് തുടങ്ങിയ കുറ്റങ്ങളുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവം ഡെർബിയിലും പരിസര പ്രദേശങ്ങളിലും ആശങ്കയും ഞെട്ടലും ഉണ്ടാക്കിയിരുന്നു . പരിക്കേറ്റവരുടെ നില ഗുരുതരമായിരുന്നാലും ജീവൻ അപകടത്തിലല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോണിലെ വിഡിയോകൾ, ഡാഷ്കാം രേഖകൾ എന്നിവ കൈവശമുള്ളവർ സമീപിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. അന്വേഷണം തുടരുന്നതിനാൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.











Leave a Reply