ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ഭിന്നശേഷിക്കാർക്ക് പാർക്കിംഗ് സൗകര്യം നൽകുന്ന ബ്ലൂ ബാഡ്ജ് പെർമിറ്റുകളുടെ ഉപയോഗത്തിൽ കൃത്രിമതയും ദുരുപയോഗവും വർധിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നു . 2024 മാർച്ച് 31നുള്ള കണക്കുപ്രകാരം 3.07 ദശലക്ഷം പേർക്ക് ബ്ലൂ ബാഡ്ജ് ഉണ്ടായിരുന്നുവെന്നും ഇത് പ്രായപൂർത്തിയായ ജനസംഖ്യയിലെ ഏകദേശം 6% (15ൽ ഒരാൾ) ആണെന്നും ഗതാഗത വകുപ്പ് അറിയിച്ചു. ചില സാഹചര്യങ്ങളിൽ പാർക്കിംഗ് ഫീസ് ഒഴിവാക്കാനും, ലണ്ടനിൽ കോൺജഷൻ ചാർജ് അടക്കാതെയും യാത്ര ചെയ്യാനുമുള്ള സൗകര്യം ഇവ നൽകുന്നു.
ബ്ലൂ ബാഡ്ജ് യഥാർത്ഥ ഉപയോക്താക്കൾക്ക് വലിയ സഹായമായിരിക്കുമ്പോഴും ഏകദേശം 20% വരെ ബാഡ്ജുകൾ അനധികൃതമായി ഉപയോഗിക്കപ്പെടുന്നുവെന്ന ആശങ്കയാണ് പങ്കുവെയ്ക്കപ്പെടുന്നത് . മരിച്ചവരുടെ പേരിലുള്ള ബാഡ്ജുകൾ ഉപയോഗിക്കൽ, കൃത്രിമ ബാഡ്ജുകൾ, മോഷണം എന്നിവ ഉൾപ്പെടെയുള്ള തട്ടിപ്പുകൾ വ്യാപകമാണെന്നാണ് ഇതിനോട് അനുബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . 2011ൽ ബ്ലൂ ബാഡ്ജ് തട്ടിപ്പിന്റെ വാർഷിക നഷ്ടം £46 മില്യൺ ആയിരുന്നുവെന്ന പഴയ കണക്കും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

2019ൽ മാനദണ്ഡങ്ങൾ വിപുലീകരിച്ചതോടെ പാർകിൻസൺസ്, ഡിമെൻഷ്യ, എപ്പിലപ്സി പോലുള്ള പുറമെ ദൃശ്യമല്ലാത്ത രോഗങ്ങളും ബ്ലൂ ബാഡ്ജ് നൽകാൻ പരിഗണിക്കപ്പെട്ടതാണ് പലരും ദുരുപയോഗം ചെയ്തതെന്ന വിവരവും പുറത്തു വരുന്നുണ്ട് . 2024-25 ൽ നൽകിയ ബാഡ്ജുകളിൽ രണ്ടിലധികം പരിശോധനയില്ലാതെ അനുവദിച്ചതായും റിപ്പോർട്ടുണ്ട്. ഈ കാരണങ്ങൾ കൊണ്ടൊക്കെ ദുരുപയോഗ സാധ്യത കൂടിയതായാണ് കണക്കാക്കപ്പെടുന്നത് . വിവിധ കൗൺസിലുകൾ അടുത്തിടെ കർശന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, കുറ്റക്കാരിൽ നിന്ന് പിഴയും കോടതി ചെലവും ഈടാക്കിയ സംഭവങ്ങളും റിപ്പോർട്ടിലുണ്ട്.

പ്രാദേശിക ഭരണകൂടങ്ങളും പോലീസ് വിഭാഗവും ചേർന്ന് തട്ടിപ്പ് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംശയാസ്പദമായ ഉപയോഗം കണ്ടാൽ പൊതുജനങ്ങൾ വിവരം നൽകണമെന്നും ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഭൂരിഭാഗം ആളുകളും നിയമാനുസൃതമായി ബാഡ്ജ് ഉപയോഗിക്കുന്നുവെങ്കിലും ചെറിയ വിഭാഗത്തിന്റെ ദുരുപയോഗം യഥാർത്ഥ അവകാശികളെ ബാധിക്കുന്നതായും ആണ് റിപ്പോർട്ടിൽ പറയുന്നത്.











Leave a Reply