പാലക്കാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ ജില്ലാ കളക്ടർ അതിവേഗം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ തന്നെ തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാന സാക്ഷിയായ വയോധിക സ്ത്രീ പണം ലഭിച്ചിട്ടില്ലെന്ന് മൊഴി നൽകിയിട്ടുണ്ട്. എന്നിരുന്നാലും, മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കണമെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട്. പെരുമാറ്റച്ചട്ട ലംഘനമോ ജനപ്രാതിനിധ്യ നിയമലംഘനമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ കേസെടുക്കുന്നതിനായി ജില്ലാ കളക്ടർ പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കോടതിയുടെ അനുമതി തേടി കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.











Leave a Reply