ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലീഷ് ചാനൽ കടന്ന് ചെറുബോട്ടുകളിൽ യുകെയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ നാല് പേർ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2025-ൽ മാത്രം 41,472 പേരാണ് ഇത്തരം ചെറുകപ്പൽ യാത്രകളിലൂടെ യുകെയിലെത്തിയത്. മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ അനധികൃതമായി യുകെയിൽ എത്തി എന്നാണ് കണക്കുകൾ കാണിക്കുന്നത് . 2022-ലെ 45,755 പേരുടെ റെക്കോർഡിന് ശേഷം രണ്ടാമത്തെ ഉയർന്ന വാർഷിക സംഖ്യയാണ് ഇത്.

എറിത്രിയ, അഫ്ഗാനിസ്ഥാൻ, ഇറാൻ, സുഡാൻ, സോമാലിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ചെറുകപ്പലുകളിൽ എത്തുന്നത്. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം എറിത്രിയയിൽ നിന്നുള്ളവർ 7,602 പേരുമായി മുന്നിലാണ്. തുടർന്ന് അഫ്ഗാനിസ്ഥാൻ (4,755), ഇറാൻ (4,489), സുഡാൻ (4,432), സോമാലിയ (3,783) എന്നിവയാണ് പ്രധാനമായും അനധികൃത കുടിയേറ്റക്കാർ എത്തുന്ന മറ്റ് രാജ്യങ്ങൾ.

അതേസമയം ചെറുകപ്പൽ യാത്രകൾക്കുപുറമേ മറ്റ് മാർഗങ്ങളിലൂടെ അനധികൃതമായി യുകെയിൽ എത്തുന്നവരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാതിരിക്കുക, വ്യാജ രേഖകൾ ഉപയോഗിച്ച് പ്രവേശനം നേടുക തുടങ്ങിയ രീതികളാണ് കൂടുതലായി കാണപ്പെടുന്നത്. സംഭവത്തെ തുടർന്ന് അതിർത്തി നിയന്ത്രണങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഉയരുന്നുണ്ട്.











Leave a Reply