ലണ്ടന്‍: ബ്രിട്ടീഷ് നാഷണല്‍ പാര്‍ട്ടിക്ക് ഇനി മുതല്‍ ഔദ്യോഗിക പദവി ഉണ്ടാകില്ല. ഇലക്ടറല്‍ കമ്മീഷന്‍ ബിഎന്‍പിയെ തങ്ങളുടെ ഔദ്യോഗിക ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തു. ഇന്നലെ പുറത്തിറങ്ങിയ പട്ടികയില്‍ നിന്ന് പുറത്തായയോടെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഇനി ബിഎന്‍പിക്ക് കഴിയില്ല. രജിസ്‌ട്രേഷന്‍ രേഖകള്‍ നല്‍കുന്നതില്‍ പാര്‍ട്ടി വീഴ്ച വരുത്തിയത് മൂലമാണ് ബിഎന്‍പിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. വര്‍ഷം തോറും ഫീസിനത്തില്‍ പാര്‍ട്ടി 25 പൗണ്ട് നല്‍കേണ്ടതുണ്ട്. ഇതിലും ബിഎന്‍പി വീഴ്ച വരുത്തി. ഈ മാസം ഏഴിന് മുമ്പ് ഇതെല്ലാം സമര്‍പ്പിക്കേണ്ടതായിരുന്നു. ഈ ദിവസം വരെ പാര്‍ട്ടിയില്‍ നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.
ഔദ്യോഗിക തീരുമാനം വന്നതിന് പിന്നാലെ തങ്ങള്‍ പുനര്‍രജിസ്‌ട്രേഷന്‍ നടത്തുമന്ന് ബിഎന്‍പി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഇത് ചെറിയൊരു ക്ലറിക്കല്‍ പിഴവാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി. യുകിപിന്റെ ഉദയത്തോടെ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. പല സാമൂഹ്യ പ്രശ്‌നങ്ങളിലും പാര്‍ട്ടി വളരെ സജീവമായി ഇടപെടുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും ബിഎന്‍പി സജീവമാണ്. പുതുവത്സരാഘോഷത്തിനിടെ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടതിനെതിരെ വന്‍ പ്രതിഷേധമാണിവര്‍ ഓണ്‍ലൈനിലൂടെ ഉയര്‍ത്തുന്നത്. ഇനിമേലില്‍ ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് ആവര്‍ത്തിക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു.

പാര്‍ട്ടി വെബ്‌സൈറ്റിലൂടെ സംഭാവനകള്‍ സ്വീകരിക്കുകയും അംഗത്വ വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവയ്‌ക്കൊന്നും വലിയ പ്രതികരണങ്ങള്‍ ലഭിക്കുന്നില്ല. എന്നാല്‍ 2014ല്‍ നിക്ക് ഗ്രിഫിനെ പുറത്താക്കി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ആഡം വാല്‍ക്കര്‍ പറയുന്നത് പാര്‍ട്ടിയുടെ അത്ഭുതകരമായ കാലഘട്ടമാണിതെന്നാണ്. പൊതുജനങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ പിന്തുണയെ വോട്ടാക്കി മാറ്റുക എന്നതാണ് തന്റെ ലക്ഷ്യം. ഇതിലൂടെ ഒരു യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് വിജയം ഉണ്ടാക്കാനാകുമെന്നും അദ്ദേഹം കണക്ക് കൂട്ടുന്നു. എന്നാല്‍ മെയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തൂത്തെറിയപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. വെറും 1667 വോട്ടുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. തൊട്ട് മുമ്പത്തെ വര്‍ഷം ഇത് അഞ്ച് ലക്ഷമായിരുന്നു.

ബിഎന്‍പി ദേശീയതയിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്. കുടിയേറ്റ വിരുദ്ധ നയങ്ങളാണ് ഇവരുടേത്. വംശീയതയും ഫാസിസവും ഇസ്ലാമോഫോബിയയും സെമിറ്റിക് വിരുദ്ധതയും ഇവര്‍ വച്ച് പുലര്‍ത്തുന്നു. ചെറിയൊരു ക്ലറിക്കല്‍ പിശകിനെച്ചൊല്ലി മാധ്യമങ്ങള്‍ വലിയ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് പാര്‍ട്ടിയുടെ ട്വീറ്റ്. പാര്‍ട്ടി മുങ്ങിമരിച്ചെന്ന പോലെയാണ് പ്രചാരണമെന്നും ട്വിറ്ററില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.