ലഖ്നൗ: മഥുരയിലെ യമുനാ നദിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ പത്ത് പേർ മരിച്ചു. മരിച്ചവരിൽ ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. ലുധിയാനയിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമുള്ള കേശി ഘട്ടിലാണ് സംഭവം. വൃന്ദാവൻ സന്ദർശിക്കാനെത്തിയ രണ്ട് ബസുകളിലായുള്ള സംഘത്തിലെ അംഗങ്ങളാണ് ഇവർ.
ഏകദേശം 30ഓളം പേർ സഞ്ചരിച്ചിരുന്ന ബോട്ട് പോണ്ടൂൺ പാലത്തിൽ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽപ്പെട്ട 16–17 പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. സൈന്യം, പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി, ദേശീയ ദുരന്ത പ്രതികരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
വെറും 15 പേർക്ക് മാത്രം ശേഷിയുള്ള ബോട്ടിൽ അതിന്റെ ഇരട്ടിയിലധികം ആളുകളെ കയറ്റിയതും ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നതും മരണസംഖ്യ ഉയരാൻ കാരണമായതായി കണ്ടെത്തി. അപകടസമയത്ത് ശക്തമായ കാറ്റ് വീശിയതും സ്ഥിതി വഷളാക്കി. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥ്യും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി. ബോട്ട് ഓപ്പറേറ്റർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും അന്വേഷണങ്ങൾ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.











Leave a Reply