ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്കൂൾ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. പുതിയ നിർദേശങ്ങൾ പ്രകാരം ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങൾ നിരോധിക്കുകയും, പഞ്ചസാര കൂടുതലുള്ള വിഭവങ്ങൾ കർശനമായി നിയന്ത്രിക്കുകയും ചെയ്യും. ആഴ്ചയിൽ ഭൂരിഭാഗം ദിവസങ്ങളിലും മധുര പലഹാരങ്ങൾക്ക് പകരം പഴങ്ങൾ നൽകും. സോസേജ് റോൾ, പിസ തുടങ്ങിയ ഭക്ഷണങ്ങൾ ദിവസേന നൽകുന്നതും അവസാനിപ്പിക്കും. കുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും മെച്ചപ്പെടുത്തുകയാണ് ഈ മാറ്റങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ മാറ്റങ്ങൾ പ്രകാരം ഡെസേർട്ടുകൾ ആഴ്ചയിൽ ഒരിക്കൽ മാത്രമെ അനുവദിക്കുകയുള്ളു . കൂടാതെ കൂടുതൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തും. പ്രൈമറി സ്കൂൾ കുട്ടികളിൽ മൂന്നിൽ ഒരാളെങ്കിലും അമിത ഭാരമുള്ളവരാണെന്നും, പഞ്ചസാരയേറിയ ഭക്ഷണങ്ങൾ മൂലം പല്ല് നശിക്കുന്നതുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നതായി സർക്കാർ ചൂണ്ടിക്കാട്ടി. സ്കൂളുകൾ അവരുടെ മെനുകൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കണമെന്നും നിർദേശം ഉണ്ട്. 2027 സെപ്റ്റംബർ മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും.

അതേസമയം ഈ പദ്ധതികൾക്ക് പിന്തുണയോടൊപ്പം ആശങ്കകളും ഉയരുന്നുണ്ട് . സ്കൂൾ ഭക്ഷണ നിലവാരം മെച്ചപ്പെടുത്തുന്നത് സ്വാഗതം ചെയ്യുന്നുവെങ്കിലും, അധിക ചെലവുകൾ നിറവേറ്റാൻ കൂടുതൽ ഫണ്ടിംഗ് അനിവാര്യമാണെന്ന് വിദ്യാഭ്യാസ സംഘടനകൾ പറഞ്ഞു . നിലവിലെ ധനസഹായം മതിയാകാത്തതിനാൽ സ്കൂളുകൾക്ക് ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയ്ക്കേണ്ടി വരുന്നതായ വിമർശനവും ഉയരുന്നുണ്ട് . സർക്കാർ അതിരുകടന്ന് നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന ആരോപണവും ചില കോണുകളിൽ നിന്ന് ഉയർന്നു വരുന്നുണ്ട് . എന്നാൽ ഇത് ഏറെ വൈകിയെങ്കിലും സ്വാഗതാർഹമായ നടപടിയാണെന്ന അഭിപ്രായവും ശക്തമാണ്.