ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ ദേശീയ സുരക്ഷ അപകടത്തിൽ ആണെന്നും പ്രതിരോധ കാര്യങ്ങളിൽ സർക്കാർ അലംഭാവം കാണിച്ചുവെന്നും മുൻ നാറ്റോ സെക്രട്ടറി ജനറലും മുൻ പ്രതിരോധ മന്ത്രിയുമായ ജോർജ് റോബർട്സൺ ആരോപിച്ചു. സ്ട്രാറ്റജിക് ഡിഫൻസ് റിവ്യൂ (എസ്ഡിആർ) തയ്യാറാക്കിയ അദ്ദേഹം, ട്രഷറിയിലെ സൈനികമല്ലാത്ത വിദഗ്ധരുടെ ഇടപെടലനിയെയും വിമർശിച്ചു. പ്രധാനമന്ത്രി കിയർ സ്റ്റാർമർ ആവശ്യമായ നിക്ഷേപത്തിൽ മടി കാണിച്ചെന്നുമാണ് അദ്ദേഹത്തിന്റെ പ്രധാന കുറ്റപ്പെടുത്തൽ.

കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച എസ്ഡിആർയിലെ 62 ശുപാർശകളും നടപ്പാക്കുമെന്ന് സർക്കാർ സമ്മതിച്ചെങ്കിലും, അതിന് ആവശ്യമായ 10 വർഷത്തെ നിക്ഷേപ പദ്ധതികൾ വൈകിയിരിക്കുകയാണ്. നിലവിൽ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.3% (ഏകദേശം £66 ബില്യൺ) മാത്രമാണെന്നും, ഭാവിയിൽ 3% വരെ ഉയർത്താനുമാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത് . നാറ്റോ കേന്ദ്രീകൃത പ്രതിരോധ നയം, യുദ്ധസജ്ജത , നാവികസേനയെ ഡ്രോണുകളും സബ്മറൈനുകളും ഉൾപ്പെടുത്തി നവീകരിക്കൽ തുടങ്ങിയവയാണ് എസ്ഡിആർയിലെ പ്രധാന ലക്ഷ്യങ്ങൾ.

അതേസമയം, ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതും റഷ്യ–ഉക്രൈൻ യുദ്ധവും പശ്ചാത്തലമാക്കി നാറ്റോ രാജ്യങ്ങൾ പ്രതിരോധ ചെലവ് വർധിപ്പിക്കേണ്ട സാഹചര്യം ശക്തമായി ഉയരുന്നുണ്ട്. 2035ഓടെ ജിഡിപിയുടെ 5% വരെ പ്രതിരോധ-സുരക്ഷ ചെലവായി മാറ്റണമെന്ന് നാറ്റോ നേതാക്കൾ തമ്മിൽ ധാരണയായിരിക്കുമ്പോഴും, യുഎസിന്റെ പിന്തുണ കുറയാനിടയുണ്ടെന്ന മുന്നറിയിപ്പും ഉയരുന്നു. ഈ സാഹചര്യത്തിൽ ബ്രിട്ടൻ സുരക്ഷിതമല്ലാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന ആശങ്കയാണ് പ്രതിരോധ വിദഗ്ധർ ഉയർത്തുന്നത്.











Leave a Reply