ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ സ്ത്രീകളുടെ ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്താൻ പുതിയ നടപടിയുമായി സർക്കാർ രംഗത്ത്. ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗ് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന “അവഗണനയും അനീതിയും അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി. എൻഎച്ച്എസ് സ്ത്രീകളെ വിവേചനത്തോടെ കാണുന്നതായും അവരുടെ വേദനയും ലക്ഷണങ്ങളും പലപ്പോഴും ഗൗരവത്തിൽ കാണുന്നില്ലെന്നുമുള്ള വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം . ഇതിന്റെ ഭാഗമായി ഗർഭനിരോധന ഉപകരണങ്ങൾ സ്ഥാപിക്കൽ പോലുള്ള ചികിത്സകൾക്കിടെ നിർബന്ധമായും പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരും.

എൻഡോമെട്രിയോസിസ് പോലുള്ള രോഗങ്ങൾക്ക് രോഗനിർണയം നേടാൻ വർഷങ്ങൾ വൈകുന്ന പ്രശ്നം പരിഹരിക്കാനും നടപടി ഉണ്ടാകും. സ്ത്രീകളുടെ അഭിപ്രായങ്ങൾ ആരോഗ്യസേവനങ്ങളുടെ ഫണ്ടിംഗുമായി ബന്ധിപ്പിക്കുന്ന പരീക്ഷണ പദ്ധതി നടപ്പാക്കും. സേവനം തൃപ്തികരമല്ലെങ്കിൽ പണമടയ്ക്കുന്നത് നിഷേധിക്കാൻ പോലും സ്ത്രീകൾക്ക് അധികാരം നൽകും. കൂടാതെ, ഗൈനക്കോളജി ചികിത്സയ്ക്ക് കാത്തിരിക്കുന്ന ഏകദേശം അഞ്ച് ലക്ഷം സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാൻ പുതിയ റഫറൽ സംവിധാനം ഉൾപ്പെടെ നടപടികൾ കൈക്കൊള്ളും.

സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി പ്രത്യേക വിദ്യാഭ്യാസ പദ്ധതിയും, ചികിത്സയും രോഗനിർണയവും വേഗത്തിലാക്കാൻ ക്ലിനിക്കൽ മാർഗ്ഗരേഖകളുടെ പുനഃസംഘടനയും പ്രഖ്യാപിച്ചിട്ടുണ്ട് ഗർഭനഷ്ടം ആവർത്തിക്കുന്ന കുടുംബങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നതും പരിഗണനയിലാണ്. സ്ത്രീകളുടെ ശബ്ദം കേൾക്കപ്പെടുകയും മാന്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നതാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനിടെ പുതിയ പദ്ധതികളെ സ്വാഗതം ചെയ്യുമ്പോൾ തന്നെ മുൻപ് ആരംഭിച്ച പദ്ധതികൾ കുറയ്ക്കപ്പെടുമെന്ന ആശങ്ക വിവിധ ആരോഗ്യ സംഘടനകൾ പങ്കുവെച്ചു .











Leave a Reply