കോഴിക്കോട് : അപകടത്തിൽപ്പെട്ട കാറിൽ നിന്ന് 2.84 ഗ്രാം എംഡിഎംഎ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന അപകടത്തിൽ കാർ ഓടിച്ചിരുന്ന പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി മനു (24) ആണ് പിടിയിലായത്. ഏപ്രിൽ 5 രാത്രി നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചതിനെ തുടർന്ന് മനുവിനെയും മറ്റൊരു പരിക്കേറ്റയാളെയും പുതിയാപ്പ സ്വദേശിയായ പ്രണവ് ആശുപത്രിയിലെത്തിച്ചിരുന്നു.
അപകടവിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ മനുവിന്റെ സുഹൃത്തുക്കൾ, സഹായം ചെയ്ത പ്രണവിനെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി മർദിച്ചതായി പരാതി. അത്യാഹിത വിഭാഗത്തിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. നെഞ്ചിൽ ചവിട്ടേറ്റും നെറ്റിയിൽ ചാവി കൊണ്ട് കുത്തേറ്റും പ്രണവിന് ഗുരുതരമായി പരിക്കേറ്റു. രക്തം വാർന്ന് ബോധരഹിതനായതോടെ പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
തുടർന്ന് സംഭവസ്ഥലം പരിശോധിച്ച പോലീസ് കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്ന് എംഡിഎംഎയും ലഹരി ഉപയോഗ ഉപകരണങ്ങളും പിടികൂടി. വിവരം അറിഞ്ഞ മനു ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് എലത്തൂരിൽ നിന്ന് പോലീസ് പിടികൂടി. ലഹരി ഉപയോഗവും പൊതുസ്ഥലത്ത് മദ്യപിച്ചതും ഉൾപ്പെടെ മുൻ കേസുകൾ ഉള്ള മനുവിന്റെ കൂട്ടുപ്രതികൾക്കായി തിരച്ചിൽ തുടരുന്നതായി പോലീസ് അറിയിച്ചു.











Leave a Reply