ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ വടക്കുപടിഞ്ഞാറൻ പ്രദേശമായ പാർക്ക് റോയലിലുള്ള ഒരു പെർഷ്യൻ ഭാഷാ മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിന് തീവെയ്ക്കാനുള്ള ശ്രമം കടുത്ത ആശങ്ക സൃഷ്ടിച്ചു. രാത്രി ഏകദേശം 8:30ഓടെ വോളന്റ് മീഡിയ കെട്ടിടത്തിലേക്ക് കത്തിച്ച നിലയിലുള്ള ഒരു കണ്ടെയിനർ എറിഞ്ഞെങ്കിലും അത് കെട്ടിടത്തിന് പുറത്തുള്ള കാർ പാർക്കിൽ പതിച്ചതിനാൽ തീ വേഗത്തിൽ അണഞ്ഞു. സമയബന്ധിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കാൻ കാരണമായതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവവുമായി ബന്ധപ്പെട്ട് വാട്ട്ഫോർഡിൽ താമസിക്കുന്ന 21-കാരനായ ഒയിസിൻ മക്‌ഗിന്നസ്, 19-കാരനായ നാഥൻ ഡൺ, കൂടാതെ വടക്കൻ ലണ്ടനിൽ നിന്നുള്ള 16-കാരൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു . ജീവൻ അപകടത്തിലാക്കാനുള്ള ഉദ്ദേശത്തോടെ അക്രമം നടത്തിയെന്ന ഗുരുതര കുറ്റം ആണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് . ഇതുകൂടാതെ മക്‌ഗിന്നസിനെതിരെ അപകടകരമായ ഡ്രൈവിംഗിനും കേസ് രജിസ്റ്റർ ചെയ്തതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. പ്രതികൾ മൂന്നുപേരും ബ്രിട്ടീഷ് പൗരന്മാരാണ്. ഇവരെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സമീപത്തെ രണ്ട് കെട്ടിടങ്ങൾ ഒഴിപ്പിച്ചിരുന്നുവെങ്കിലും, പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ പിന്നീട് അവ വീണ്ടും തുറന്നു. അതേസമയം, സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ചെന്ന് സംശയിക്കുന്ന ഒരു കറുത്ത എസ്‌യുവിയെ പൊലീസ് പിന്തുടർന്നപ്പോൾ ഫിൻച്ലിയിലെ ബാലാർഡ്സ് ലെയിനിൽ വാഹനം അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലം, ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം തുടങ്ങിയവയെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണെന്നും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.