ഇംഗ്ലണ്ടിലെ എപ്സനിൽ ഒരു പള്ളിക്ക് സമീപം നടന്നുവെന്നാരോപിച്ച ബലാത്സംഗ കേസിലെ അന്വേഷണം അവസാനിപ്പിക്കാൻ സറി പൊലീസ് തീരുമാനിച്ചു. സമഗ്രമായ അന്വേഷണത്തിന് ശേഷം കുറ്റകൃത്യം നടന്നിട്ടില്ല എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഏപ്രിൽ 11-ന് പുലർച്ചെയോടെ എപ്സം നഗരത്തിലെ ലാബിറിൻത്ത് നൈറ്റ്‌ക്ലബ്ബിൽ നിന്നിറങ്ങിയ ശേഷം ഒരു യുവതി ബലാത്സംഗത്തിനിരയായതായി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ, രാത്രി പുറത്തുപോയതിനിടെ സംഭവിച്ച മാനസിക അസ്വാസ്ഥ്യം മൂലം യുവതി ആശയക്കുഴപ്പത്തിൽ തെറ്റായ വിവരം നൽകിയതാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ആദ്യഘട്ടത്തിൽ സാക്ഷികളെ കണ്ടെത്താനും സംശയാസ്പദരായ ആളുകളെ തിരിച്ചറിയാനും പൊലീസ് പൊതുജനങ്ങളോട് വിവരങ്ങൾ അഭ്യർഥിച്ചിരുന്നു. എന്നാൽ ലഭ്യമായ വിവരണങ്ങൾ വ്യക്തതയില്ലാത്തതും പരിമിതവുമായതിനാൽ സംശയിക്കുന്നവരെ കുറിച്ച് വിശദാംശങ്ങൾ പുറത്തുവിടാൻ കഴിഞ്ഞില്ലെന്നും ഇത് സമൂഹത്തിൽ ആശങ്കയ്ക്ക് ഇടയാക്കിയതായും പൊലീസ് സമ്മതിച്ചു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ വ്യാപക പരിശോധന, വീടുതോറും അന്വേഷണം, സാക്ഷികളുടെ മൊഴിയെടുപ്പ്, ഫോറൻസിക് പരിശോധനകൾ എന്നിവ ഉൾപ്പെടെ വിപുലമായ അന്വേഷണമാണ് നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതും അതിനാൽ തന്നെ സമഗ്ര അന്വേഷണം പൂർത്തിയാക്കാൻ ആവശ്യമായ സമയം അനുവദിക്കേണ്ടതുണ്ടെന്നുമാണ് സംഭവത്തിൽ പൊലീസ് നൽകിയ വിശദീകരണം.

സംഭവത്തെ തുടർന്ന് നഗരത്തിൽ ശക്തമായ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും ഉണ്ടായി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുട്ടകളും ബിയർ കുപ്പികളും എറിഞ്ഞ സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. പൊലീസ് വാഹനത്തിന് മുകളിൽ കയറാൻ ശ്രമിച്ച ഒരാളും സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നു. ഈ സംഭവങ്ങളെ “ലജ്ജാകരമായത്” എന്ന് പോലീസ് ആൻഡ് ക്രൈം കമ്മീഷണർ ലിസ ടൗൺസെൻഡ് പറഞ്ഞു. നിയമാനുസൃതമായ പ്രതിഷേധത്തിന് എല്ലാവർക്കും അവകാശമുണ്ടെങ്കിലും, അതിന്റെ പരിധി ലംഘിച്ച പെരുമാറ്റം സഹിക്കാനാവില്ലെന്നും അവർ പറഞ്ഞു. പുറത്തു നിന്നെത്തിയ ചിലർ അക്രമം പ്രേരിപ്പിച്ചതായും, പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ അതിൽ നിന്ന് അകന്നു നിൽക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഹെൽമറ്റ് ധരിച്ച് ഷീൽഡുകളുമായി നിലകൊണ്ട പൊലീസിന് നേരെ വസ്തുക്കൾ എറിഞ്ഞതും വലിയ ജനക്കൂട്ടം നഗരമധ്യത്തിൽ ഒത്തുകൂടിയതും സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ, കാണാമായിരുന്നു.











Leave a Reply