ന്യൂസ് ഡെസ്ക്, മലയാളം യുകെ

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം വിലക്കിയ ഓസ്ട്രേലിയയിൽ, അഞ്ച് പേരിൽ നാല് പേരും ഇപ്പോഴും വിവിധ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതായി പുതിയ പഠനം. 2025 ഡിസംബറിൽ പ്രാബല്യത്തിൽ വന്ന നിയമം കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം കാര്യമായി കുറച്ചില്ലെന്നാണ് കണ്ടെത്തൽ.

ന്യൂകാസിൽ സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ പങ്കെടുത്ത കൗമാരക്കാരിൽ 80 ശതമാനത്തിലധികം പേർ ടിക്‌ടോക്, ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോഴും സജീവമാണന്ന് കണ്ടെത്തി. വ്യാജ ജനനത്തീയതികളും മറ്റ് സാങ്കേതിക മാർഗങ്ങളും ഉപയോഗിച്ചാണ് പലരും നിയന്ത്രണങ്ങൾ മറികടക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നതെങ്കിലും, വിലക്കുകൾ മാത്രം മതിയാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശക്തമായ പ്രായപരിശോധന സംവിധാനങ്ങളും ഡിജിറ്റൽ സുരക്ഷാ ബോധവൽക്കരണവും ഒരുമിച്ച് നടപ്പാക്കേണ്ടതുണ്ടെന്നും അവർ പറയുന്നു.

അതേസമയം, ഓസ്ട്രേലിയൻ മാതൃകയെ അടിസ്ഥാനമാക്കി കൂടുതൽ കർശനമായ നിയമനിർമാണത്തിനാണ് യുകെ ഒരുങ്ങുന്നത്. 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം അപരിചിതരുമായി ബന്ധപ്പെടൽ, ലൈവ് സ്ട്രീമിങ്, ചില എഐ ചാറ്റ്ബോട്ട് സേവനങ്ങൾ എന്നിവയ്ക്കും നിയന്ത്രണം ഏർപ്പെടുത്താനാണ് നിർദേശം. ഓസ്ട്രേലിയയിലെ അനുഭവം പഠിച്ച ശേഷമാണ് യുകെ കൂടുതൽ ശക്തമായ പ്രായപരിശോധന സംവിധാനങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.