ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ പ്രസിഡന്റ്ഡൊണാൾഡ് ട്രംപ് നടത്തിയ കടുത്ത വിമർശനങ്ങൾക്ക് തക്ക മറുപടി നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രംഗത്ത് വന്നത് രാഷ്രീയ രംഗത്ത് വൻ ചർച്ചകൾക്കാണ് വഴിവെച്ചത് . രാജ്യത്തിന്റെ മികച്ച ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയാണ് താൻ പ്രവർത്തിക്കുന്നതെന്നും അതിൽ നിന്ന് ഒരിക്കലും വഴിതിരിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കവെ, ഫെബ്രുവരി അവസാനം ആരംഭിച്ച ഇറാൻ യുദ്ധത്തിൽ ബ്രിട്ടനെ ഉൾപ്പെടുത്താതിരിക്കാനുള്ള തീരുമാനം തികച്ചും ആലോചിച്ചെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ, സാമ്പത്തിക സ്ഥിരത, ജനങ്ങളുടെ സുരക്ഷിതത്വം എന്നിവ കണക്കിലെടുത്താണ് ഈ നിലപാട് സ്വീകരിച്ചതെന്നും, ആ തീരുമാനം ഇന്നും ശരിയാണെന്ന് വിശ്വസിക്കുന്നതായും സ്റ്റാർമർ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ ഉണ്ടായാലും, ബ്രിട്ടന്റെ സ്വതന്ത്ര നയനിർണ്ണയം സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്കയ്ക്ക് കൂടുതൽ പിന്തുണ നൽകേണ്ടതായിരുന്നു ബ്രിട്ടനും മറ്റ് സഖ്യരാജ്യങ്ങളും എന്നാണ് ബിബിസിയോട് സംസാരിച്ച ട്രംപ് അഭിപ്രായപ്പെട്ടത്. ഇറാൻ വിഷയത്തിൽ ശക്തമായ നിലപാട് എടുക്കുന്നതിൽ ബ്രിട്ടൻ പിന്നോട്ടുപോയതായും, ഇത് സഖ്യബന്ധങ്ങളെ ബാധിക്കാമെന്നും ട്രംപ് പരാമർശിച്ചു. കൂടാതെ കുടിയേറ്റ നയത്തിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുകയും, ഊർജ്ജോൽപ്പാദനം വർധിപ്പിക്കാൻ നോർത്ത് സീ കൂടുതൽ തുറക്കുകയും ചെയ്താൽ മാത്രമേ സ്റ്റാർമർക്ക് രാഷ്ട്രീയമായി തിരിച്ചുവരാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ നയങ്ങളുമായി മുന്നോട്ടുപോയാൽ സ്റ്റാർമറുടെ രാഷ്ട്രീയ ഭാവി അനിശ്ചിതമാകുമെന്നും, അടുത്ത തിരഞ്ഞെടുപ്പുകളിൽ അത് തിരിച്ചടിയാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ബ്രിട്ടീഷ് ജനങ്ങളുടെ താൽപര്യങ്ങൾക്കായി സേവനം ചെയ്യാനാണ് താൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്ന് ട്രംപിന്റെ പരാമർശങ്ങൾക്ക് മറുപടിയായി സ്റ്റാർമർ വ്യക്തമാക്കി. അവരുടെ നന്മ കണക്കിലെടുത്ത് ശരിയായ തീരുമാനങ്ങൾ എടുക്കുകയാണ് എന്റെ കടമ.” ഇറാൻ യുദ്ധത്തിലേക്കോ ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിലേക്കോ ബ്രിട്ടനെ വലിച്ചിഴക്കില്ലെന്ന തന്റെ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. ഇത്തരം സംഘർഷങ്ങളിൽ ഇടപെടുന്നത് രാജ്യത്തിന് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ സൂക്ഷ്മമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങൾ നിലനിർത്തുന്നതിനൊപ്പം രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് തന്റെ മുൻഗണനയെന്നും, ആരുടെ വിമർശനവും തന്റെ തീരുമാനങ്ങളെ ബാധിക്കില്ലെന്നും സ്റ്റാർമർ വ്യക്തമാക്കി.











Leave a Reply