റോമി കുര്യാക്കോസ്
ബോൾട്ടൺ: ബോൾട്ടൺ മലയാളി അസോസിയേഷൻ (ബി എം എ) സംഘടിപ്പിച്ച ഈസ്റ്റർ – വിഷു – ഈദ് ആഘോഷങ്ങൾ വർണ്ണാഭമായി സംഘടിപ്പിച്ചു. ശനിയാഴ്ച ഫാൻവർത്തിലെ സെന്റ്. ജയിംസ് ചർച്ച് ഹാളിൽ വൈകിട്ട് 6 മണിക്ക് വലിയ സദസ്സിനെ സാക്ഷി നിർത്തിക്കൊണ്ടാണ് ആഘോഷ സായഹ്നത്തിന്റെ തിരശില ഉയർന്നത്. രാത്രി 11 വരെ നീണ്ടുനിന്ന പരിപാടി കലാപരമായ വൈവിധ്യത്താലും സാംസ്കാരിക ഐക്യത്തിന്റെ സന്ദേശത്താലും ശ്രദ്ധേയമായി.

അസോസിയേഷൻ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഭരണസമിതി അംഗങ്ങളും നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കക്കാളും ചേർന്ന് ഭദ്രദീപത്തിന്റെ തിരി തെളിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് 2025 – 2026 കാലഘട്ടത്തിലെ റിപ്പോർട്ടും ട്രഷറർ ടോം തോമസ് കണക്കും അവതരിപ്പിച്ചു.

പ്രശസ്ത കലാകാരൻ ജോബി പാലയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീത-ഹാസ്യ സ്റ്റേജ് ഷോ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. ഹാസ്യവും സംഗീതവും ഒരുമിച്ച വിരുന്ന് പ്രേക്ഷകരെ ആവേശഭരിതരാക്കി.

ബി എം എയിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. കുട്ടികളുടെ തീം ഡാൻസുകൾ പ്രത്യേകമായി ശ്രദ്ധ നേടി. 29 വനിതകൾ ഒന്നിച്ചണിഞ്ഞ ‘റിതം ഓഫ് യൂണിറ്റി’ എന്ന നൃത്താവിഷ്കാരം വേദിയെ വിസ്മയിപ്പിച്ചു. ഐക്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിച്ച കലാവിരുന്നുകൾ വലിയ കൈയടികളോടെയാണ് സ്വീകരിക്കപ്പെട്ടത്. അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും മുതിർന്ന അംഗവുമായ ഫിലിപ്പ് കൊച്ചിട്ടി ബി എം എയിലെ കൊച്ചു കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകി. വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ശ്രീമതി. സുബി ഷിബു സ്റ്റേജിന്റെ നിയന്ത്രണവും അവതരണവും നിർവഹിച്ചു.
കുടുംബാംഗങ്ങളും സമൂഹാംഗങ്ങളും വലിയ തോതിൽ പങ്കെടുത്ത പരിപാടി സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി മാറി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത പങ്കാളിത്തം പരിപാടിയുടെ വലിയ വിജയത്തിന് കാരണമായി എന്ന് സംഘാടകർ അറിയിച്ചു.











Leave a Reply