ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ഹാംഷെയറിലെ ചാൻഡ്ലേഴ്‌സ് ഫോർഡിൽ ഹാലോവീൻ ആഘോഷത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ അഞ്ച് കൗമാരക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി 10.30-ഓടെ ഈസ്റ്റ്‌ലീക്ക് സമീപമുള്ള പാർക്ക് റോഡിലെ ഒരു വീട്ടിൽ നടന്ന ആഘോഷത്തിനിടെയാണ് സംഭവം. 16 വയസ്സുള്ള മൂന്ന് ആൺകുട്ടികൾക്കും 17 വയസ്സുള്ള രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അജ്ഞാതരായ ഒരു സംഘം പാർട്ടി നടന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്നതിന് പിന്നാലെയാണ് കത്തിക്കുത്തുണ്ടായതെന്ന് ഹാംഷെയർ പോലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷാവലയം ഏർപ്പെടുത്തി. ആംബുലൻസുകൾക്കൊപ്പം എയർ ആംബുലൻസും സ്ഥലത്തെത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ ഒരാൾ വീട്ടിൽനിന്ന് പുറത്തേക്ക് ഓടിവന്ന് തന്നെ കുത്തിയെന്നും രണ്ടുപേർ പിന്തുടരുകയാണെന്നും വിളിച്ചുപറയുന്നത് കണ്ടതായി മറ്റൊരു ദൃക്‌സാക്ഷി വെളിപ്പെടുത്തി.

സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചിട്ടുള്ളവർ മുന്നോട്ടുവരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർഥിച്ചു. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച ഈസ്റ്റ്‌ലീ എംപി ലിസ് ജാർവിസ്, പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ അറിയിക്കുകയും ചെയ്തു. സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും അവർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.