ബിനോയ് എം. ജെ.

നാം ജീവിക്കുന്ന ജഗത് പരിമിതമാണ്. അതുകൊണ്ടാണ് നാം ഇത്രയും അസംതൃപ്തരായി കാണപ്പെടുന്നത്. ഇനി ഞാനെന്ന സത്തയും പരിമിതമായി പോയിരിക്കുന്നു. അനന്തസത്ത ഒന്ന് മാത്രമാണ്. രണ്ട് അനന്തത ഉണ്ടായിരിക്കുവാൻ വഴിയില്ല. കാരണം ഒന്ന് മറ്റതിനെ പരിമിതപ്പെടുത്തുന്നു. മനുഷ്യന് പരിമിതികളോട് പൊരുത്തപ്പെടുവാൻ ആകില്ല. മാത്രവുമല്ല അവന്റെ സത്ത തന്നെ അനന്തമാണ്. ആ അനന്തതയിൽ തന്നെ കഴിയുവാൻ മനുഷ്യൻ എന്തുകൊണ്ടോ വിമുഖത കാട്ടുന്നു. അവൻ സ്വന്തം സ്വരൂപത്തെ ഭയപ്പെടുന്നത് പോലെ ഇരിക്കുന്നു. അവൻ അതിനെ മറന്നു കളഞ്ഞിരിക്കുന്നു. ഈ പരിമിതിയും അനന്തതയും തമ്മിലുള്ള സംഘർഷം മനുഷ്യജീവിതത്തിൽ അനാദികാലം മുതൽ തന്നെ പ്രകടമായിരുന്നു. ഇതാണ് മനുഷ്യന്റെ എല്ലാ ക്ലേശങ്ങളുടേയും ജനി.

മനുഷ്യൻ പരിപൂർണ്ണതയെ തേടുന്നു. മനുഷ്യജീവിതം ഈ അന്വേഷണത്തിന്റെ കഥയാണ്. മനുഷ്യൻ എന്തുകൊണ്ട് പരിപൂർണ്ണതയെ അന്വേഷിക്കുന്നു? അതിന്റെ കാരണം അവൻ പൂർണ്ണനാണ് എന്നതുതന്നെ. ആ പൂണ്ണത എങ്ങനെയോ വിസ്മരിക്കപ്പെട്ടു പോയിരിക്കുന്നു. അപ്പോഴും താൻ പൂർണ്ണനാണ് എന്ന് അവബോധം മനുഷ്യന്റെ ഉള്ളിന്റെയുള്ളിൽ കിടപ്പുണ്ട്. ഇങ്ങനെയാണ് ആഗ്രഹങ്ങൾക്ക് ചിറകുമുളക്കുന്നത്. അതുകൊണ്ടുതന്നെയാണ് ആഗ്രഹമാണ് എല്ലാ ദുഃഖങ്ങൾക്കും കാരണമെന്ന് ശ്രീബുദ്ധൻ പറയുന്നത്.

അപൂർണ്ണവും വിരൂപമാക്കപ്പെട്ടതുമായ ഈ ജഗത്ത് എവിടെ നിന്ന് വരുന്നു?

അനന്തസത്തയായ ഈശ്വരനിൽ പരിമിതികൾ ആരോപിക്കുമ്പോൾ ആണ് ജഗത്തും ഞാനും ജന്മം കൊള്ളുന്നത്. ഈ പരിമിതികൾ എവിടെ നിന്നും വരുന്നു? പൂർണ്ണതയുമായി പൊരുത്തപ്പെടുവാനുള്ള വിമുഖത മാത്രമാണ് ഇതിനുള്ള കാരണം. പൂർണ്ണതയിൽ നിന്നും അപൂർണ്ണത ജനിക്കുന്നു. അപൂർണ്ണതയിൽ നിന്നും പൂർണ്ണത ജനിക്കുന്നില്ല. ഈ അപൂർണ്ണത ആകട്ടെ മിഥ്യയാണ് താനും. അങ്ങനെയൊന്ന് അവിടെ ഇല്ല. ഈ കാണുന്ന ജഗത് വാസ്തവത്തിൽ അവിടെയില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അനന്തസത്ത എന്ന് പറയുവാനേ നമുക്ക് കഴിയൂ. അതിനെ നിർവചിക്കുവാൻ ആകില്ല. കാരണം നിർവചനം തന്നെ അതിനെ പരിമിതപ്പെടുത്തുന്നു. അനന്തസത്ത എല്ലാറ്റിനെയും ഉൾക്കൊള്ളുന്നു.

അതിന് ഉൾക്കൊള്ളുവാൻ ആകാത്തതായോ അതിന് വെളിയിലോ ആയി യാതൊന്നും തന്നെ ഇല്ല. ഒരുകോടി യുഗങ്ങൾ കഴിഞ്ഞാലും അത് അവസാനിക്കുന്നില്ല. കാരണം അത് അനന്തമാണ്. അത് സ്ഥലകാലങ്ങളിൽ ഒതുങ്ങുന്നതല്ല. മറിച്ച് സ്ഥലകാലങ്ങൾ അതിലാണ് നിലകൊള്ളുന്നത്. അവിടെ വിരസതയ്ക്ക് സ്ഥാനമില്ല. അവിടെ എപ്പോഴും അനന്താനന്ദമാണ്. ഈ അനന്ത സത്ത എക്കാലത്തും ഒരുപോലെയാണ്. അവിടെ മാറ്റങ്ങളോ ചലനങ്ങളോ ഇല്ല. കാരണം ചലനവും മാറ്റവും ആപേക്ഷികങ്ങളാണ്. ഒന്ന് മറ്റതിന് അപേക്ഷിച്ച ചലിക്കുന്നു അല്ലെങ്കിൽ മാറുന്നു. എന്നാൽ അനന്തസത്തയിൽ എല്ലാം നിശ്ചലങ്ങളാണ്. ഈ അനന്തസത്തയെ ഈശ്വരൻ എന്ന് വിളിക്കാം. അവിടെ നാനാത്വമില്ല. എല്ലാം ഒന്നുമാത്രം.

അതിനെ രണ്ട് ആക്കുവാനാവില്ല. അത് അഖണ്ഡ അദ്വൈതമാണ്. എന്നാൽ മനുഷ്യമനസ് ആകട്ടെ എല്ലാത്തിനെയും വിഭജിക്കുന്നു. താനാകുന്ന ബ്രഹ്മത്തെയും അത് വിഭജിക്കുന്നു. അങ്ങനെയാണ് കാണുന്ന ഞാനും കാണപ്പെടുന്ന ലോകവും ജനിക്കുന്നത്. ഈ വിഭജനം മനസ്സിന്റെ സൃഷ്ടി മാത്രം. മനസ്സ് തിരോഭവിയ്ക്കുമ്പോൾ എല്ലാം തിരൊഭവിക്കുന്നു. എല്ലാം മനസ്സിന്റെ വിക്രിയകൾ മാത്രം. മനസ്സ് നമ്മെ കബളിപ്പിക്കുകയാണ്. മനസ്സിന്റെ അഭാവത്തിൽ എല്ലാം ഒന്നാണ് എന്ന് നാം അറിയുന്നു. അവിടെ അനന്തജ്ഞാനം പ്രകാശിക്കുന്നു. അത് അനന്തജ്ഞാനം ആകയാൽ അതിനെ നിർവചിക്കുവാൻ ആവില്ല. അവിടെ എത്തിച്ചേരുന്നവൻ എല്ലാ ദുഃഖങ്ങളെയും അതിജീവിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120