ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ലേബർ പാർട്ടിക്കുള്ളിലെ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെതിരെ തുറന്ന വിമർശനവുമായി ലേബർ എംപി കാതറിൻ വെസ്റ്റ് രംഗത്തെത്തി. തിങ്കളാഴ്ചയ്ക്കകം മന്ത്രിസഭയിലെ ആരെങ്കിലും സ്റ്റാർമറിനെതിരെ നേതൃത്വ പോരാട്ടത്തിന് മുന്നോട്ടുവരാത്ത പക്ഷം താൻ തന്നെ വെല്ലുവിളിക്കുമെന്ന് വെസ്റ്റ് പ്രഖ്യാപിച്ചു. ഇതിനായി ആവശ്യമായ 81 എംപിമാരുടെ പിന്തുണ നേടാമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വൻ തിരിച്ചടിയാണ് ലേബറിന് ഉണ്ടായത്. ഇംഗ്ലണ്ടിലെ കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ റീഫോം യുകെ 1450 – തിലധികം സീറ്റുകൾ നേടി മുന്നേറ്റം നടത്തി. വെയിൽസിൽ റുൻ ആപ് യോർവെർത്ത് നയിക്കുന്ന പ്ലെയ്ഡ് കംറി 43 സീറ്റുകളുമായി ഏറ്റവും വലിയ പാർട്ടിയായി ഉയർന്നപ്പോൾ, 27 വർഷമായി അധികാരത്തിലിരുന്ന ലേബർ വെറും 9 സീറ്റിലേക്ക് ചുരുങ്ങി. സ്കോട്ട് ലൻഡിൽ ജോൺ സ്വിന്നിയുടെ എസ്‌എൻപി ഏറ്റവും വലിയ പാർട്ടിയായെങ്കിലും ഭൂരിപക്ഷം നഷ്ടമായി. ലണ്ടനിലും ലേബറിന്റെ ശക്തികേന്ദ്രങ്ങളായ ലൂവിഷം, ഹാക്ക്നി തുടങ്ങിയ കൗൺസിലുകൾ ഗ്രീൻ പാർട്ടി പിടിച്ചെടുത്തു.

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സ്റ്റാർമർ പിഴവുകൾ ഉണ്ടായതായി സമ്മതിച്ചെങ്കിലും രാജി ആവശ്യം തള്ളി. മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ, മുതിർന്ന നേതാവ് ഹാരിയറ്റ് ഹർമാൻ എന്നിവരെ ഉപദേഷ്ടാക്കളായി നിയമിച്ച് അദ്ദേഹം പാർട്ടിയെ പുനഃസംഘടിപ്പിക്കാൻ ശ്രമം തുടങ്ങി. അതേസമയം, പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമാണെന്നും സ്റ്റാർമറുടെ ഭാവിയെ കുറിച്ച് നിർണായകമായ ദിവസങ്ങളാണ് മുന്നിലുള്ളതെന്നുമാണ് ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.











Leave a Reply