ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെനിയയിലെ നന്യുക്കിയിൽ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് ആർമി ട്രെയിനിംഗ് യൂണിറ്റിന് സമീപം ജനിച്ച കുട്ടികളുടെ പിതൃത്വം കണ്ടെത്തിയ സംഭവം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത് . ബ്രിട്ടീഷ് സൈനികരും കോൺട്രാക്ടർമാരും പിതാക്കളായതായി ഡിഎൻഎ പരിശോധനയിലൂടെയാണ് കണ്ടെത്തിയത് . ഇതുവരെ 12 കേസുകളിൽ പിതൃത്വം കോടതിയിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, ഏകദേശം 100ഓളം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അഭിഭാഷകൻ ജെയിംസ് നെറ്റോ വ്യക്തമാക്കി. ഈ കണ്ടെത്തലുകൾ കുട്ടികൾക്ക് അവരുടെ വംശപരമ്പര തിരിച്ചറിയാനും, ചിലർക്കെങ്കിലും ബ്രിട്ടീഷ് പൗരത്വത്തിനും സാമ്പത്തിക സഹായത്തിനും വഴിയൊരുക്കുന്നു.

എഡ്വേഡ് എന്ന ഒമ്പത് വയസുകാരനെയും ഇവോൺ എന്ന 18കാരിയെയും പോലുള്ള കുട്ടികൾക്ക് ഈ കണ്ടെത്തൽ ജീവിതം മാറ്റിമറിക്കുന്നതായി മാറി. പിതാവിനെ കുറിച്ച് അറിവില്ലാതെ വളർന്ന ഇവർ സാമൂഹിക ഒറ്റപ്പെടുത്തലും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. ചിലർക്ക് പിതാവ് മരിച്ചതായി പോലും തെറ്റിദ്ധരിപ്പിച്ചിരുന്നു. ഡിഎൻഎ ഡേറ്റാബേസുകൾ ഉപയോഗിച്ച് ബന്ധുക്കളെ കണ്ടെത്തിയ അന്വേഷണസംഘം, കോടതിയുടെ സഹായത്തോടെ ചില പിതാക്കളുടെ വിവരങ്ങൾ പുറത്തു കൊണ്ടുവന്നു. ചിലർ ഉത്തരവാദിത്തം ഏറ്റെടുത്ത് കുട്ടികളുമായി ബന്ധപ്പെടുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തപ്പോൾ, മറ്റു ചിലർ ഇപ്പോഴും ബന്ധപ്പെടാൻ തയ്യാറല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

1964 മുതൽ പ്രവർത്തിക്കുന്ന ഈ സൈനിക പരിശീലനകേന്ദ്രവുമായി ബന്ധപ്പെട്ട് ലൈംഗിക പീഡനം, മനുഷ്യാവകാശ ലംഘനം, കുട്ടികളെ ഉപേക്ഷിക്കൽ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ മുൻപ് തന്നെ ഉയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കെനിയൻ പാർലമെന്ററി അന്വേഷണവും കടുത്ത മനുഷ്യവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു . ഇതിനോട് പ്രതികരിച്ച് യുകെ പ്രതിരോധ മന്ത്രാലയം പ്രശ്നങ്ങളിൽ ഖേദം രേഖപ്പെടുത്തി. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. സൈനികർ കുട്ടികളുടെ പരിപാലന ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും, ഡിഎൻഎ പരിശോധനയും നിയമ നടപടികളും ശക്തമാക്കണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു.
ഇതിനൊപ്പം, ഈ സംഭവങ്ങൾ ബ്രിട്ടനിൽ രാഷ്ട്രീയ-സാമൂഹിക തലത്തിലും വലിയ പ്രതികരണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വിദേശത്തുള്ള സൈനികരുടെ പെരുമാറ്റവും ഉത്തരവാദിത്തവും സംബന്ധിച്ച് കൂടുതൽ കർശന നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം ഉയരുകയാണ്. മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ നേതാക്കളും യുകെ പ്രതിരോധ മന്ത്രാലയം കൂടുതൽ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്നും, ഇത്തരം കേസുകളിൽ ബാധിതർക്കുള്ള നിയമപരവും സാമ്പത്തികവുമായ സഹായങ്ങൾ ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു. കൂടാതെ, സൈനിക പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും മേൽനോട്ടവും വേണമെന്ന ചർച്ചകളും ശക്തമാകുന്നു.











Leave a Reply