ന്യൂസ് ഡെസ്ക് മലയാളം യുകെ

യോർക്ഷയറിലെ പ്രമുഖ അസ്സോസിയേഷനുകളിലൊന്നായ കീത്തിലി മലയാളി അസ്സോസിയേഷൻ സംഘടിപ്പിച്ച ഔട് ഡോർ സ്പോട്‌സും BBQ വും ലോക്കൽ എം പി റോബീ മോർ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച്ച രാവിലെ സിൽസ്ഡൺ ഫുട്ബോൾ ഗ്രൗണ്ടിൽ അസ്സോസിയേഷൻ പ്രസിഡൻ്റ് ഡോ. അഞ്ചു ഡാനിയേൽ, സെക്രട്ടറി അലക്സ്സ് എബ്രാഹം വൈസ് പ്രസിഡൻ്റ് റീന മാത്യൂ തുടങ്ങി മറ്റ് കമ്മറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ കായിക മത്സരങ്ങളാരംഭിച്ചു. അസ്സോസിയേഷനിലെ നൂറിൽപ്പരം മെമ്പേഴ്സ് കായിക മത്സരത്തിൽ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പാകത്തിനുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചിരുന്നത്.

റെഡ് ഡ്രാഗൺസ്, ബ്ലൂ വാരിയേഴ്‌സ് എന്ന പേരിൽ രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് മത്സരങ്ങൾ നടത്തിയത്. റെഡ് ഡ്രാഗൺസിനെ ക്യാപ്റ്റൻ ആൻ്റോ ജോസ് പുരവും വൈസ് ക്യാപ്റ്റൻ റീനാ മാത്യുവും നയിച്ചപ്പോൾ ബ്ലൂ വാരിയേഴ്‌സിനെ ക്യാപ്റ്റൻ ജോർജ്ജ് ജോസഫും വൈസ് ക്യാപ്റ്റൻ സോണിയ ജോസും ചേർന്നാണ് നയിച്ചത്. നൂറ് മീറ്റർ ഓട്ടം, 3 x 100 മീറ്റർ റിലേ, ഷോട് പുട്ട്, ലെമൺ സ്പൂൺ റേസ്, കാല് കെട്ടിയോട്ടം കുട്ടികൾക്കായി സംഘടിപ്പിച്ച മിഠായി പെറുക്ക് മത്സരം തുടങ്ങി നിരവധിയായ മത്സരങ്ങളാണ് നടന്നത്. കിട്സ്, സബ്ജൂണിയേഴ്സ്, ജൂണിയേഴ്സ്, സീനിയേഴ്‌സ്, അഡൽറ്റ് എന്നീ വിഭാഗങ്ങളിലായി തരം തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്.

വാശിയേറിയ മത്സരങ്ങളോടൊപ്പം BBQ വും നടന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്‌ടപ്പെടുന്ന തനതായ ഇംഗ്ലീഷ് ശൈലിയിലാണ് വിഭവങ്ങൾ സംഘാടകർ ഒരുക്കിയത്. ഉച്ചയ്ക്ക് ശേഷം ലോക്കൽ എം പി റോബി മോർ എത്തിയതോടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു. അസ്സോസിയേഷൻ പ്രസിഡൻ്റ് ഡോ. അഞ്ചു ഡാനിയേൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി അലക്സ് എബ്രാഹം, വൈസ് പ്രസിഡൻ്റ് റീന മാത്യു തുടങ്ങി മറ്റ് കമ്മറ്റിയംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങിൽ അസ്സോസിയേഷനിലെ ചിയർ ഗേൾസിൻ്റെ പ്രകടനം ജനശ്രദ്ധ നേടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്ന് റോബി മോർ അസ്സോസിയേഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് അസ്സോസിയേഷൻ്റെ മാസ് കോട്ട് ടൈഗർ രംഗത്തുവന്നു. മാസ് കോട്ട് ടൈഗറിൻ്റെ പെർഫോർമെൻസിന് ശേഷം മാർച്ച് ഫാസ്റ്റായിരുന്നു. അസ്സോസിയേഷൻ സെക്രട്ടറി അലക്സ് എബ്രാഹം മാർച്ച്ഫാസ്‌റ്റ് ഫ്ലാഗ് ഓഫ് ചെയ്തു. KMA യുടെ ഫ്ലാഗിന് പിന്നിൽ റെഡ് ബ്ലൂ ടീം അണിനിരന്നു. മാർച്ച്ഫാസ്റ്റിന് ശേഷം അസ്സോസിയേഷൻ വൈസ് പ്രസിഡൻ്റ് റീന മാത്യൂ നന്ദി പ്രസംഗം നടത്തി.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം പുരഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം വടം വലി മത്സരം നടന്നു. ഇരു വിഭാഗങ്ങളിലും നടന്ന മത്സരത്തിൽ ബ്ലൂ വാര്യേഴ്സ് കപ്പുയർത്തി. റെഡ് ഡ്രാഗൺ ടീമിനൊപ്പം എം പി റോബിമോറും മത്സരത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി. വൈകുന്നേരം അഞ്ച് മണിയോടെ KMA യുടെ 2026 ലെ സ്പോട്സ് ആൻ്റ് ബാർബിക്യൂ മേള അവസാനിച്ചു.