ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലങ്കാഷെയറിലെ എം65 മോട്ടോർവേയിൽ അമിതവേഗത്തിൽ പാഞ്ഞ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 17കാരിയായ ഡെമി-ലീ ഡേവീസ് കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഓടിച്ച യുവാവിന് കോടതി അഞ്ച് വർഷവും മൂന്ന് മാസവും തടവുശിക്ഷ വിധിച്ചു. 2024 ഒക്ടോബറിലുണ്ടായ അപകടസമയത്ത് 19കാരനായ ലിയോൺ കാലഹാൻ മണിക്കൂറിൽ 113 മൈൽ (ഏകദേശം 182 കിലോമീറ്റർ) വേഗത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

അപകടകരമായ രീതിയിൽ വാഹനം തിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടത്. റോഡരികിലെ ബാരിയറിൽ ഇടിച്ച വാഹനം പലതവണ മറിയുകയും പിൻസീറ്റിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഡെമി-ലീയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു.

അപകടത്തിൻ്റെ ഉത്തരവാദിത്തം സമ്മതിച്ച കാലഹാനെ കോടതി ശിക്ഷിക്കുമ്പോൾ, യുവതിയുടെ ഭാവി ഒരു നിമിഷത്തെ അശ്രദ്ധ മൂലം ഇല്ലാതായെന്ന് ജഡ്ജി നിരീക്ഷിച്ചു. ഇയാൾക്ക് ഒൻപത് വർഷത്തിലധികം കാലത്തേക്ക് വാഹനമോടിക്കുന്നതിനും വിലക്കേർപ്പെടുത്തി. മകളുടെ മരണം കുടുംബത്തിന് ജീവിതകാലം മുഴുവൻ നീളുന്ന ദുഃഖശിക്ഷയാണെന്ന് ഡെമി-ലിയുടെ മാതാവ് കോടതിയിൽ പറഞ്ഞു.











Leave a Reply