ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫ്രാൻസ് തീരസംരക്ഷണ സേന ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലേക്ക് എത്താൻ ശ്രമിച്ച 100-ലധികം കുടിയേറ്റക്കാരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്തു. ചെറിയ ബോട്ടുകളിലൂടെ ചാനൽ കടക്കുന്നവരുടെ എണ്ണം വർഷംതോറും ഉയരുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത് . 2021ൽ 28,526 പേരും, 2022ൽ 45,755 പേരും, 2023ൽ 29,437 പേരും, 2024ൽ 36,816 പേരും ഇത്തരത്തിൽ ബ്രിട്ടനിലെത്തി. 2025ൽ മാർച്ച് മുതൽ ഒക്ടോബർ വരെ മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ആളുകൾ കടന്നതായി കണ്ടെത്തിയതോടൊപ്പം, ഡിസംബർ 31 ഓടെ ആകെ 41,472 പേർ ചെറിയ ബോട്ടുകളിൽ ബ്രിട്ടനിലെത്തിയതായി സ്ഥിരീകരിക്കപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ചെറിയ ബോട്ടുകളിലൂടെ ബ്രിട്ടനിലെത്തുന്നവരിൽ ഭൂരിഭാഗവും സംഘർഷബാധിത രാജ്യങ്ങളിൽ നിന്നുള്ളവരാണ്. എറിത്രിയയിൽ നിന്നാണ് ഏറ്റവും കൂടുതൽ 7,602 പേർ എത്തിയിരിക്കുന്നത്. തുടർന്ന് അഫ്ഗാനിസ്ഥാൻ (4,755), ഇറാൻ (4,489), സുഡാൻ (4,432), സൊമാലിയ (3,783) എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായി എത്തുന്നതെന്ന് കണ്ടെത്തി. യുദ്ധം, രാഷ്ട്രീയ അസ്ഥിരത, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയാണ് പലരെയും ഇത്തരത്തിലുള്ള അപകടകരമായ യാത്രകൾക്ക് പ്രേരിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ചെറിയ ബോട്ടുകളിലൂടെ മാത്രമല്ല, അനധികൃതമായി ബ്രിട്ടനിൽ തുടരാനുള്ള മറ്റ് വഴികളും നിലനിൽക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുക, വ്യാജ രേഖകൾ ഉപയോഗിച്ച് പ്രവേശിക്കുക, മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ രാജ്യത്തേക്ക് കടക്കുക തുടങ്ങിയ രീതികളും വ്യാപകമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . അതേസമയം, അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ ഫ്രാൻസും ബ്രിട്ടനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന ആവശ്യം ഉയരുന്നതായി റിപ്പോർട്ടിൽ പറയുന്നു.