സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19 ബാധിച്ച് ലണ്ടനിലെ യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ഡോ. ബിജി മാർക്കോസിന്റെ (54) നിര്യാണം എല്ലാ പ്രവാസി മലയാളികളെയും ദുഃഖത്തിലാഴ്ത്തി. ലണ്ടൻ സെന്റ് തോമസ് യാക്കോബായ ചർച്ച്, ബർമിങ്ങാം സെന്റ് ജോർജ് യാക്കോബായ ചർച്ച്, പൂൾ സെന്റ് ജോർജ് യാക്കോബായ ചർച്ച് എന്നിവയുടെ വികാരിയായിരുന്നു ഫാ. ബിജി മാർക്കോസ്. ഓസ്ട്രിയയിലെ വിയന്നയിൽ സേവനമനുഷ്ഠിച്ച ശേഷമാണ് യുകെയിൽ എത്തിയത്. ഹോസ്പിറ്റൽ ചാപ്ലൻ കൂടിയായിരുന്ന ബിജി മാർക്കോസ് അച്ഛൻ കൊറോണ വാർഡുകളിൽ സ്റ്റാഫുകളെയും രോഗികളെയും സഹായിക്കാൻ നിലകൊണ്ട വ്യക്തിയായിരുന്നു. തന്റെ ജീവിതം ദൈവത്തിന്റെ ശുശ്രൂഷ ചെയ്യുവാൻ മാറ്റി വെച്ചിരിക്കുകയാണെന്നും അതിനാൽ മരണത്തെ ഭയമില്ലെന്നും അച്ഛൻ പറയുമായിരുന്നു. “എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു ” എന്ന പൗലോസ് ശ്ലീഹായുടെ വാക്യം ഉദ്ധരിച്ച്, സ്വർഗീയ പിതാവിന്റെ നിത്യമായ ഭവനത്തിലേക്കാണ് താൻ പോകുന്നതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ആശുപത്രിയിയിലെ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകുന്നത് തന്റെ നിയോഗമാണെന്ന് അച്ഛൻ വീഡിയോ സന്ദേശത്തിൽ പറയുന്നു. രോഗികൾക്ക് സാന്ത്വനം നൽകി അച്ഛൻ യാത്രയാവുന്നതും സ്വർഗീയ പറുദീസയിലേക്കാണ്.

ബിജി മാർക്കോസ് അച്ഛന്റെ നിര്യാണത്തിൽ യുകെ, അയർലൻഡ് ഭദ്രാസനങ്ങളുടെ അധിപനായിരിക്കുന്ന ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപോലീത്ത അനുശോചനം അറിയിച്ചു. വളർന്നുവരുന്ന യുവതലമുറയ്ക്ക് നല്ല കൂട്ടുകാരൻ കൂടിയായിരുന്ന അച്ഛൻ, കോട്ടയം വാകത്താനം പുത്തൻചന്ത ചിറത്തിലാട്ട് കുടുംബാംഗമാണ്. ശുശ്രൂഷയുടെ ആദ്യകാലങ്ങളിൽ ഇറ്റലിയിലെ ഇടവകയിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുകെ റീജിയനുവേണ്ടി സൺ‌ഡേസ്കൂൾ സിലബസ് തയ്യാറാക്കുന്നതിനും അച്ഛൻ നേതൃത്വം നൽകിയിരുന്നു. ഭാര്യ : ബിന്ദു. മക്കൾ : തബീത്ത, ലവിത, ബേസിൽ. അച്ചൻെറ അകാല വിയോഗത്തിൽ വ്യസനിക്കുന്ന കുടുംബാംഗങ്ങൾക്കും, സുഹൃത്തുകൾക്കും, ഇടവകാംഗംങ്ങൾക്കൊപ്പം മലയാളം യുകെയും പങ്കു ചേരുന്നു .

കോവിഡ് കാലത്ത് സ്വന്തം ജീവന് വില നൽകാതെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യപ്രവത്തകരെ നാം അഭിനന്ദിക്കുമ്പോൾ അത്യാസന്നനിലയിൽ കിടക്കുന്ന രോഗികളുടെ അരികിൽ എത്തി ആശ്വാസ വചനങ്ങൾ പകർന്നു കൊടുക്കുന്ന വൈദികരെ നാം വിസ്മരിച്ചുപോകുന്നു. 28 കത്തോലിക്ക വൈദികരാണ് ഇതുവരെ ഇറ്റലിയിൽ രോഗബാധിതരായി മരണപ്പെട്ടത്. മിക്കവരും ഹോസ്പിറ്റൽ ചാപ്ലൻമാരായിരുന്നു. രോഗം സ്ഥിരീകരിച്ച ശേഷവും ആശുപത്രിയിൽ മരണത്തോട് മല്ലിട്ടുകിടക്കുന്ന രോഗികളുടെ അരികിൽ പോയി അവരോട് ദൈവവചനം അറിയിച്ച ഒരു വൈദികനെ ഇറ്റാലിയൻ ഡോക്ടർ ഓർത്തെടുക്കുന്നു. 120ഓളം രോഗികളെയാണ് ആ വൈദികൻ പറുദീസയുടെ കവാടങ്ങളിലേക്ക് പ്രവേശിപ്പിച്ചതെന്ന് ഡോക്ടർ പറയുന്നു.