ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട ആത്മഹത്യകളിൽ വെറും 3 ശതമാനം കേസുകളിൽ മാത്രമാണ് നിയമനടപടികൾ ഉണ്ടായതെന്ന പുതിയ കണക്കുകൾ പുറത്തുവന്നു. 2020 മുതൽ 2025 വരെ ഗാർഹിക പീഡനത്തെ തുടർന്ന് 553 പേർ ജീവനൊടുക്കിയിട്ടുണ്ടെങ്കിലും, വെറും 17 കേസുകളിൽ മാത്രമാണ് കുറ്റം ചുമത്തപ്പെട്ടത്. പീഡനത്തിനിരയായി ഒരാൾ സ്വന്തം ജീവൻ അവസാനിപ്പിക്കാനുള്ള സാധ്യത, പങ്കാളിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിനേക്കാൾ കൂടുതലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

പല കേസുകളിലും ആത്മഹത്യയ്ക്ക് മുൻപുണ്ടായ പീഡനവുമായി ബന്ധപ്പെട്ട ആരോപിതരെ പൊലീസ് പരിശോധിക്കാത്തതിനെ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട് . ചില കേസുകളിൽ, പീഡനവുമായി ബന്ധപ്പെട്ട അന്വേഷണം വ്യക്തമായ കാരണങ്ങളില്ലാതെ അവസാനിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ ആവശ്യമായ സൂക്ഷ്മപരിശോധനകൾ നടത്താത്തത് വലിയ പ്രശ്നമാണെന്ന് ഗാർഹിക പീഡന കമ്മീഷണർ നിക്കോൾ ജേക്കബ്സ് ചൂണ്ടിക്കാട്ടി. ചില സംഭവങ്ങളിൽ, തെളിവുകൾ നഷ്ടപ്പെടാൻ ഇടയാക്കുന്ന വിധത്തിൽ പ്രതികൾക്ക് ഇരകളുടെ മൊബൈൽ ഫോണുകൾ കൈവശം വയ്ക്കാൻ പോലും അവസരം നൽകിയതായി അവർ ആരോപിച്ചു.

അതേസമയം, ബ്രിട്ടനിൽ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ സംഭവിച്ച കേസിൽ കുറ്റക്കാരനായി വിധിക്കപ്പെട്ട ആദ്യ വ്യക്തിയായി ലീ മിൽൻ മാറിയ സംഭവവും ശ്രദ്ധേയമാണ്. നേരിട്ടല്ലെങ്കിലും ദീർഘകാല മാനസിക പീഡനം വഴി ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതാണെന്ന് ഈ കേസിൽ കോടതി കണ്ടെത്തിയിരുന്നു . ഈ വിധി ഗാർഹിക പീഡന കേസുകളിൽ നിയമപരമായ ഒരു നിർണായക വഴിത്തിരിവായി വിലയിരുത്തപ്പെടുന്നു. നിയമത്തിൽ മാറ്റം വരുത്തി, ഗാർഹിക പീഡനം വഴി ഒരാളെ ആത്മഹത്യയിലേക്ക് തള്ളുന്നത് പ്രത്യേക കുറ്റമായി പരിഗണിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട് . കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കാനും, ഇത്തരം കുറ്റങ്ങൾ ആവർത്തിക്കാതിരിക്കാനും ശക്തമായ അന്വേഷണം അനിവാര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.











Leave a Reply