ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ലോറികൾ, ബസുകൾ, കോച്ചുകൾ എന്നിവ പ്രൊഫഷണൽ ആയി ഓടിക്കുന്ന ഡ്രൈവർമാർ നിർബന്ധമായും ഡ്രൈവർ സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണൽ കോംപറ്റൻസ് (CPC) പുതുക്കണമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ നിർദേശം പാലിക്കാത്ത ഡ്രൈവർമാർക്ക് £1,000 വരെ പിഴ ലഭിക്കുമെന്ന് GOV.UK മുന്നറിയിപ്പ് നൽകി. ഓരോ അഞ്ച് വർഷത്തിലൊരിക്കൽ 35 മണിക്കൂർ നിർബന്ധ പരിശീലനം പൂർത്തിയാക്കണം. ഇത് ചെയ്യാത്തവർക്ക് പ്രൊഫഷണൽ ഡ്രൈവിംഗ് നിയമവിരുദ്ധമാകും. സമയപരിധി കഴിഞ്ഞാൽ പരിശീലനം പൂർത്തിയാക്കുന്നതുവരെ ഡ്രൈവിംഗ് തുടരാൻ അനുമതിയില്ല. അതിനാൽ ജോലി ചെയ്യുന്ന ഡ്രൈവർമാർ അവരുടെ കാലാവധി നിരന്തരം പരിശോധിക്കേണ്ടതുണ്ട് എന്ന് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകി .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോറി, ബസ്, കോച്ച് ഡ്രൈവർമാരാകാൻ പൂർണ്ണ കാർ ലൈസൻസ്, 18 വയസിന് മുകളിലുള്ള പ്രായം, കൂടാതെ CPC യോഗ്യത എന്നിവ നിർബന്ധമാണ്. CPC നേടുന്നതിനായി മൾട്ടിപ്പിൾ ചോയ്സ്, ഹസാർഡ് പെർസപ്ഷൻ, കേസ് സ്റ്റഡീസ് എന്നിവ ഉൾപ്പെടെ മൊത്തം അഞ്ച് പരീക്ഷകൾ ആണ് ഉള്ളത് . മുമ്പ് HGV ഡ്രൈവർ ആയിരുന്നവർക്ക് വീണ്ടും പരിശീലനം എടുക്കുമ്പോൾ എല്ലാ പരീക്ഷകളും ആവശ്യമില്ലാതിരിക്കാം. പരിശീലനം പൂർത്തിയാക്കിയ തീയതി മുതൽ അഞ്ച് വർഷം വരെ അത് സാധുവായിരിക്കും. എന്നാൽ അഞ്ച് വർഷം കഴിഞ്ഞ് പരിശീലനം പുതുക്കാതെ തുടരുന്നവർക്ക് അത് കണക്കാക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ലോറിയും ബസും ഒരുമിച്ച് ഓടിക്കുന്നവർക്ക് ഒരേ പരിശീലനം മതിയാകും എന്നതും ആശ്വാസകരമാണ്.

ഇതോടൊപ്പം, CPC കാർഡ് (Driver Qualification Card – DQC) കൈവശം വയ്ക്കാതെ പ്രൊഫഷണൽ ഡ്രൈവിംഗ് നടത്തിയാൽ £50 പിഴയും ലഭിക്കും. ആവശ്യമായ 35 മണിക്കൂർ പരിശീലനം പൂർത്തിയാക്കിയതിന് ശേഷമാണ് ഈ കാർഡ് ലഭിക്കുക. അതുകൊണ്ട് തന്നെ അത് നിർബന്ധമായും ഡ്രൈവിംഗ് സമയത്ത് കൈവശം വേണം. കൂടാതെ, തിയറി പരീക്ഷയും പ്രായോഗിക പരീക്ഷയും പാസാകേണ്ടതുണ്ട്. അതിന് പ്രത്യേകം ഫീസുകളും നിശ്ചയിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ കുറഞ്ഞത് 185 ദിവസം താമസിച്ചിരിക്കണം എന്നതും പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള നിബന്ധനയാണ്. നിയമങ്ങൾ പാലിക്കാത്തവർക്ക് വലിയ സാമ്പത്തിക നഷ്ടവും തൊഴിൽ നഷ്ടവും നേരിടേണ്ടി വരുന്നതിനാൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.