ഗായികയും അവതാരകയുമായ റിമി ടോമി വിവാഹിതയാകുന്നുവെന്ന സന്തോഷവാർത്തയ്ക്ക് പിന്നാലെ വരനെ ആരാധകർക്ക് പരിചയപ്പെടുത്തി. തന്റെ യുട്യൂബ് ചാനലിലൂടെയാണ് വരൻ ലിബിൻ മാത്യുവാണെന്ന് റിമി വെളിപ്പെടുത്തിയത്. മുംബൈയിൽ താമസിക്കുന്ന മലയാളിയായ ലിബിൻ ബോഡി ബിൽഡറും റിമിയുടെ ജിം ട്രെയിനറുമാണ്. ഏറെനാളായുള്ള സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറിയത്. നവംബർ 14-ന് മുംബൈയിലെ ഡോംബിവല്ലി മാർത്തോമ്മാ പള്ളിയിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
വിവാഹവാർത്തയെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന് മുമ്പ് വ്യക്തിപരമായ കാര്യം ആരാധകരോട് നേരിട്ട് പങ്കുവയ്ക്കാനാണ് ആഗ്രഹിച്ചതെന്ന് റിമി പറഞ്ഞു. ഏറെ ആഗ്രഹിച്ച് പ്രാർഥിച്ചിരുന്ന സമയത്താണ് ലിബിൻ ജീവിതത്തിലേക്ക് കടന്നുവന്നത്. മാർച്ചിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. എന്നാൽ നേരിൽ കാണുന്നതിന് മുമ്പുതന്നെ വിവാഹത്തെക്കുറിച്ച് തീരുമാനത്തിലെത്തിയിരുന്നുവെന്നും റിമി വെളിപ്പെടുത്തി. ലിബിനോടൊപ്പം കഴിയുമ്പോൾ ലഭിക്കുന്ന ധൈര്യവും സമാധാനവും പോസിറ്റീവ് മനോഭാവവുമാണ് ഈ ബന്ധത്തെ കൂടുതൽ ഉറപ്പിച്ചതെന്നും താരം പറഞ്ഞു.
എന്ത് പ്രതിസന്ധിയുണ്ടായാലും കൂടെയുണ്ടാകുമെന്ന ഉറപ്പാണ് ലിബിൻ നൽകുന്നതെന്നും റിമി കൂട്ടിച്ചേർത്തു. വിവാഹശേഷം കൂടുതൽ സമയവും മുംബൈയിലായിരിക്കും താമസമെന്നും താരം സൂചിപ്പിച്ചു. തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിന് എല്ലാവരുടെയും പ്രാർഥനയും ആശംസകളും പ്രതീക്ഷിക്കുന്ന റിമി, വിവാഹത്തിന് എല്ലാവരെയും ക്ഷണിച്ചതായി കരുതണമെന്നും സ്നേഹത്തോടെ പറഞ്ഞു.











Leave a Reply