ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ആരോഗ്യരംഗത്ത് വിവാദമായ പാലന്തിർ (Palantir) കമ്പനിയുടെ 330 മില്യൺ പൗണ്ടിന്റെ എഐ അധിഷ്ഠിത മെഡിക്കൽ ഡേറ്റാ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്നുവെന്ന് എൻ.എച്ച്.എസ്. അവകാശപ്പെടുന്ന 29 ആശുപത്രി ട്രസ്റ്റുകൾ യഥാർഥത്തിൽ ഈ സംവിധാനം ഉപയോഗിക്കുന്നില്ലെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. നൂറിലധികം വിവരാവകാശ അപേക്ഷകളിലൂടെ ലഭിച്ച മറുപടികളിലാണ് ഇക്കാര്യം വ്യക്തമായത്. ചില ആശുപത്രികളിൽ സംവിധാനം പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നും മറ്റുചിലത് അതിന്റെ പ്രധാന ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നില്ലെന്നും വ്യക്തമാക്കി. രോഗികളുടെ വിവരങ്ങൾ ഏകോപിപ്പിക്കുക, ആശുപത്രികളിൽ നിന്നുള്ള ഡിസ്ചാർജ് വേഗത്തിലാക്കുക, ശസ്ത്രക്രിയകൾ കാര്യക്ഷമമായി ക്രമീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ എൻ.എച്ച്.എസ്. പുറത്തുവിട്ട കണക്കുകളും ആശുപത്രികളുടെ പ്രതികരണങ്ങളും തമ്മിലുള്ള വ്യത്യാസം വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

പാലന്തിറുമായുള്ള കരാർ അവസാനിപ്പിക്കണമെന്നും 2027-ലെ കരാർ പുനഃപരിശോധനാ വ്യവസ്ഥ ഉപയോഗപ്പെടുത്തി ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിക്ക് അവസരം നൽകണമെന്നും പാർലമെന്റിലെ ശാസ്ത്ര സാങ്കേതിക സമിതി അധ്യക്ഷ ചി ഒൻവുര ആവശ്യപ്പെട്ടു. പാലന്തിറിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആശുപത്രികളിൽ ഒരു വർഷത്തിനിടെ 1,17,539 അധിക ശസ്ത്രക്രിയകൾ നടന്നുവെന്നാണ് എൻ.എച്ച്.എസ്. അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ നേട്ടത്തിന് പാലന്തിറിന്റെ സംവിധാനമാണ് കാരണമെന്ന് തെളിയിക്കാൻ കഴിയില്ലെന്ന് അധികൃതർ പിന്നീട് സമ്മതിച്ചിരുന്നു. കണക്കുകളുടെ വിശ്വാസ്യതയെക്കുറിച്ച് ആശങ്ക ഉയർന്നതോടെ ഔദ്യോഗിക സ്ഥിതിവിവര നിയന്ത്രണ സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എൻ.എച്ച്.എസിന്റെ കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മെഡാക്ട് (Medact) എന്ന ആരോഗ്യരംഗത്തെ സന്നദ്ധ സംഘടനയും ആരോപിച്ചു.

അതേസമയം, പാലന്തിറിന്റെ സോഫ്റ്റ്വെയർ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ സഹായിക്കുന്നുണ്ടെന്നും വിമർശനങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് കമ്പനി പറയുന്നത്. ദീർഘകാലം ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ ഡിസ്ചാർജ് വൈകുന്നത് 14.3 ശതമാനം കുറയ്ക്കാനും ക്യാൻസർ പരിശോധനാ ഫലം 28 ദിവസത്തിനുള്ളിൽ അറിയുന്നവരുടെ എണ്ണത്തിൽ 5.6 ശതമാനം വർധനവുണ്ടാക്കാനും സംവിധാനത്തിന് കഴിഞ്ഞതായി കമ്പനി അവകാശപ്പെട്ടു. എന്നാൽ രോഗികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒരു അമേരിക്കൻ സാങ്കേതിക കമ്പനിക്ക് ഇത്ര വലിയ പങ്ക് നൽകുന്നതിനെതിരെ രാഷ്ട്രീയ നേതാക്കളും ആരോഗ്യപ്രവർത്തകരും രംഗത്തുണ്ട്. പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്തണമെങ്കിൽ പദ്ധതിയുടെ നേട്ടങ്ങൾ കൃത്യമായും സുതാര്യമായും തെളിവുകളുടെ അടിസ്ഥാനത്തിലും അവതരിപ്പിക്കണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ നിലപാട്.











Leave a Reply