നിയമസഭാ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നിർണായക ശക്തിയായി മാറി. മത്സരിച്ച 27 മണ്ഡലങ്ങളിൽ 22 ഇടത്തും വിജയിച്ച പാർട്ടി ഇതോടെ റെക്കോർഡ് നേട്ടമാണ് കുറിച്ചത്. കഴിഞ്ഞതവണ നേടിയ 15 സീറ്റുകൾ നിലനിർത്തിയതിനു പുറമെ ഏഴ് സീറ്റുകൾ കൂടി പിടിച്ചെടുത്തു. പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയയെ വിജയിപ്പിച്ച് ആദ്യ വനിതാ പ്രതിനിധിയെയും നിയമസഭയിലേക്കയയ്ക്കാൻ കഴിഞ്ഞത് ശ്രദ്ധേയമായി.
മലപ്പുറം, തിരൂരങ്ങാടി, കോട്ടയ്ക്കൽ, മഞ്ചേരി, കൊണ്ടോട്ടി, വള്ളിക്കുന്ന് തുടങ്ങിയ മണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷം സ്വന്തമാക്കിയ ലീഗ് സംസ്ഥാനത്ത് ശക്തമായ സാന്നിധ്യം തെളിയിച്ചു. ചില മണ്ഡലങ്ങളിൽ ചെറിയ വോട്ടിനാണ് പരാജയം നേരിട്ടതെങ്കിലും ആകെ പ്രകടനം മികച്ചതായിരുന്നു. കോൺഗ്രസിനും സി.പി.എമ്മിനും പിന്നാലെ മൂന്നാമത്തെ വലിയ കക്ഷിയായ ലീഗ്, വിജയശതമാനത്തിലും മുന്നിലാണ്. ഇതോടെ പുതിയ യുഡിഎഫ് സർക്കാരിൽ പാർട്ടിക്ക് നിർണായക സ്വാധീനം ഉറപ്പായി.
മന്ത്രിസഭ രൂപീകരണത്തിൽ ലീഗിന് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നതാണ് സൂചന. ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, കെ.എം. ഷാജി, ടി.വി. ഇബ്രാഹിം എന്നിവരുടേയും പേരുകൾ സാധ്യതാപട്ടികയിൽ ഉയരുന്നു. ജില്ലാതല പ്രാതിനിധ്യവും പരിചയസമ്പത്തും പരിഗണിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.











Leave a Reply