തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, നിയുക്ത എംഎൽഎമാരുടെ അഭിപ്രായങ്ങൾ ശേഖരിച്ച എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെഎന്നിവരുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാനാണ് നീക്കം. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇനി ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കെ സി വേണുഗോപാൽ പക്ഷം പ്രതീക്ഷിച്ചതിലും കൂടുതൽ എംഎൽഎമാരുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. അതേസമയം ഘടകകക്ഷികളുടെ പിന്തുണയും ജനപിന്തുണയും തങ്ങൾക്ക് അനുകൂലമാണെന്നാണ് വി ഡി സതീശൻ ക്യാംപ് വിലയിരുത്തുന്നത്. 20ലേറെ എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് രമേശ് ചെന്നിത്തല അനുകൂലികളും അവകാശപ്പെടുന്നത്. ഇതോടെ കോൺഗ്രസിനകത്തെ നേതൃത്വപ്പോര് കൂടുതൽ കടുത്തിരിക്കുകയാണ്.
സംസ്ഥാനത്തെ സീനിയർ നേതാക്കളെ ഉടൻ ദില്ലിയിലേക്ക് വിളിപ്പിച്ച് അന്തിമ ചർച്ചകൾ നടത്താനാണ് ഹൈക്കമാൻഡിന്റെ നീക്കം. ഇതിനിടെ കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ മുസ്ലിം ലീഗ് ഇടപെടരുതെന്ന മാത്യു കുഴൽനാടന്റെ പരാമർശം മുന്നണിക്കകത്ത് പുതിയ അസ്വസ്ഥതയ്ക്കും ഇടയാക്കി. ഘടകകക്ഷികളുടെ അഭിപ്രായം അവഗണിക്കാനാകില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.











Leave a Reply