കോവിഡ് ബോധവത്കരണത്തിന് ഹൃസ്വചിത്രം ഒരുക്കിയ നടനും ചിത്രകാരനും മിമിക്രി കലാകാരനുമായ തെരാജ് കുമാര്‍ കോവിഡ് ബാധിച്ചു മരിച്ചു. തൃശൂര്‍ അരിമ്പൂര്‍ കൈപ്പിള്ളി സ്വദേശിയാണ് തെരാജ് കുമാര്‍.

കോവിഡ് ബോധവത്കരണത്തിനായി സ്വന്തം വീട്ടില്‍ ആശുപത്രി കിടക്ക സെറ്റിട്ട്, ഹ്രസ്വചിത്രമെടുത്തതിന് പിന്നാലെയാണ് തെരാജിന് കോവിഡ് ബാധിച്ചത്. കോവിഡ് നെഗറ്റീവായെങ്കിലും ന്യൂമോണിയ ബാധിതനായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ചികിത്സ. എന്നാല്‍ വൃക്കകള്‍ കൂടി തകരാറിലായതോടെ ചൊവ്വാഴ്ച തെരാജ് കുമാര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുമ്പസാരം എന്ന പേരിലാണ് കോവിഡ് ബോധവത്കരണത്തിനായി തെരാജ് ഹ്രസ്വചിത്രം സംവിധാനം ചെയ്തത്. വീട്ടില്‍ തന്നെ ആശുപത്രി കിടക്ക സെറ്റിട്ടായിരുന്നു തെരാജ് സിനിമ ഒരുക്കിയത്.

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയെ ആണ് തെരാജ് കുമാര്‍ ഹ്രസ്വചിത്രത്തില്‍ അവതരിപ്പിച്ചത്. ക്വാറന്റീന്‍ പാലിക്കണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ് അനുസരിക്കാനായിരുന്നു ചിത്രം പറഞ്ഞത്. കഥപാത്രം അവസാനം ശ്വാസംകിട്ടാതെ മരിക്കുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്.

ചിത്രത്തിന്റെ രചനയും, സംഭാഷണവും നിര്‍മ്മാണവും തെരാജ് തന്നെയായിരുന്നു. പശ്ചാത്തല സംഗീതവും അദ്ദേഹം തന്നെ നിര്‍വ്വഹിച്ചു. തെരാജിന്റെ ഭാര്യ ധന്യയാണ് ചിത്രം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് തെരാജിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പനിയും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു.