മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ നിരാശയില്ലെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പൂർണ ടേം എം.എൽ.എയായി പ്രവർത്തിച്ച പരിചയം തനിക്കില്ലെന്ന തോന്നലാകാം നേതൃത്വത്തിന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷ സ്നേഹത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കുവേണ്ടി പിന്തുണ അറിയിച്ച മതമേലധ്യക്ഷന്മാർക്കും നേതാക്കൾക്കും നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വിഷയത്തിൽ ഹൈക്കമാൻഡിനെതിരെ ചില മുതിർന്ന നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ചില കാര്യങ്ങൾ പിന്നീട് പറയാമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി തനിക്കു വലിയ സ്നേഹവും കരുതലും കാണിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിനും ചില ആശങ്കകൾ ഉണ്ടായിരിക്കാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
മന്ത്രിപദം അനിവാര്യമല്ലെന്നും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി അല്ലെങ്കിലും അതേ ആത്മാർഥതയോടെ പൊതുപ്രവർത്തനം തുടരുമെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അറിയിച്ചു. “സ്ഥാനത്തേക്കാൾ ജനങ്ങളുടെ മനസിലുള്ള സ്ഥാനമാണ് വലുത്” എന്നും അദ്ദേഹം പറഞ്ഞു.











Leave a Reply