കോണ്‍കോര്‍ഡിനേക്കാളും വേഗതയില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന പുതിയ സൂപ്പര്‍സോണിക് ജെറ്റ് എഞ്ചിന്‍ വരുന്നു. ബൂം സൂപ്പര്‍ സോണിക് വിമാനങ്ങളിലാണ് പുതിയ എഞ്ചിന്‍ ഘടിപ്പിക്കാനൊരുങ്ങുന്നത്. 2018ല്‍ പ്ലാന്‍ ചെയ്തിരിക്കുന്ന പരിശീലനപ്പറക്കലിന് ഈ എഞ്ചിന്‍ മുതല്‍കൂട്ടാകുമെന്നാണ് കരുതുന്നത്. ബൂം സൂപ്പര്‍ സോണിക് ജെറ്റിന്റെ യുഎസ് കേന്ദ്രത്തില്‍ പ്രസ്തുത എഞ്ചിന്‍ കൊണ്ടു വരുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വലിയ കണ്ടെയ്‌നറിലാണ് ജനറല്‍ ഇലക്ട്രിക് നിര്‍മ്മിച്ച എഞ്ചിന്‍ കൊണ്ടു വന്നിരിക്കുന്നത്. ബൂം എക്‌സ്ബി-1 ല്‍ പുതിയ എഞ്ചിന്‍ ഘടപ്പിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തായിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ബൂം എക്‌സ്ബി-1 അതിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ നടത്തുമെന്നാണ് കരുതുന്നത്. എക്‌സ്ബി-1 എഞ്ചിന്‍ ബൂംഎയ്‌റോ ഹാങറില്‍ എത്തിച്ചേര്‍ന്നതായി ഉടമസ്ഥന്‍ ബ്ലേക്ക് സ്‌കോള്‍ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു.

സൂപ്പര്‍ സോണിക് യാത്രാവിമാനങ്ങളുടെ ആദ്യയുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് കോണ്‍കോര്‍ഡ് വിമാനം യാത്രയവസാനിപ്പിച്ച് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശബ്ദാതിവേഗ വിമാനങ്ങളുടെ നിര്‍മ്മാണത്തില്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ജപ്പാന്‍ എയര്‍ലൈന്‍സുമായി ബൂം അധികൃതര്‍ ഉണ്ടാക്കിയ കരാര്‍ മേഖലയില്‍ നിര്‍ണായകമായിരുന്നു. കരാര്‍ നിലവില്‍ വന്ന് ഒരു മാസത്തിന് ശേഷമാണ് എഞ്ചിന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. കരാര്‍ പ്രകാരം 20 ബൂം എയര്‍ക്രാഫ്റ്റുകളാണ് ജപ്പാന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. കാനഡയിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രാവശ്യങ്ങള്‍ക്കായിരിക്കും ജപ്പാന്‍ എയര്‍ലൈന്‍സ് ഈ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തുക. നിലവില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ടോക്കിയോയിലേക്ക് പറക്കുന്ന വിമാനത്തിന്റെ യാത്രാ സമയം ഏതാണ്ട് 11 മണിക്കൂറോളം വരും എന്നാല്‍ മാര്‍ച്ച് 22ഓടെ യാത്ര ആരംഭിക്കാനിരിക്കുന്ന ബൂം എയര്‍ക്രാഫ്റ്റുകള്‍ ഇതിന്റെ പകുതി സമയം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബൂം യാത്രാവിമാനങ്ങള്‍ക്ക് 55 യാത്രക്കാരെ വഹിച്ചുകൊണ്ട് മണിക്കൂറില്‍ 1,687 മൈല്‍ വേഗതയില്‍ പറക്കാന്‍ കഴിയും. കോണ്‍കോര്‍ഡ് വിമാനങ്ങളെക്കാളും 300മൈല്‍ അധിക വേഗതയിലാണ് ബൂം എയര്‍ക്രാഫ്ര്റ്റുകള്‍ സഞ്ചരിക്കുക. 2023 ഓടെ അറ്റ്‌ലാന്റിക്ക് സമുദ്രത്തിന് മുകളിലൂടെ യാത്രക്കാരുമായ പറക്കാന്‍ ജെറ്റുകള്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ് എയര്‍ഷോയില്‍ വിമാനത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടശേഷം വിമാനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനാവശ്യമായി സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ബൂം സൂപ്പര്‍ സോണിക് വിമാന നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു. പുതിയ ജെറ്റുകള്‍ക്കായി ഏതാണ്ട് 76 ഓര്‍ഡറുകള്‍ ലഭിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷത്തില്‍ നൂറ് വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന സ്ഥലമാണ് കണ്ടെത്താന്‍ ഉദ്ദേശിക്കുന്നതെന്ന് ബ്ലേക്ക് സ്‌കോള്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളാണ് കമ്പനിയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.