ന്യൂസ് ഡെസ്ക്, മലയാളം യുകെ
‘മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റ് യു.കെ.’ എന്ന റിയാലിറ്റി ഷോയെ ചുറ്റിപ്പറ്റി ഗുരുതര ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നതോടെ വലിയ വിവാദമാണ് രൂപപ്പെട്ടിരിക്കുന്നത് . ഷോയുടെ ചിത്രീകരണത്തിനിടെ രണ്ട് സ്ത്രീകൾ ബലാത്സംഗത്തിനിരയായെന്നും മറ്റൊരു സ്ത്രീ അനുമതിയില്ലാത്ത ലൈംഗിക അതിക്രമത്തിന് ഇരയായെന്നും ബി.ബി.സി. പനോരമ അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തി. സംഭവത്തിൽ കുറ്റകൃത്യമോ വീഴ്ചയോ തെളിഞ്ഞാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ബ്രിട്ടന്റെ സംസ്കാരിക, മാധ്യമ, കായിക വകുപ്പ് അറിയിച്ചു.

പരിപാടി സംപ്രേഷണം ചെയ്ത ചാനൽ എല്ലാ എപ്പിസോഡുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും താത്കാലികമായി പിൻവലിച്ചു. ഇതിനിടെ ടൂറിസം കമ്പനി സ്പോൺസർഷിപ്പ് നിർത്തിവച്ചതായും റിപ്പോർട്ടുണ്ട്. നിർമ്മാണ കമ്പനി ആരോപണങ്ങൾ നിഷേധിച്ചെങ്കിലും പങ്കെടുത്തവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ചാനലും നിർമാണ സംഘവും പരാജയപ്പെട്ടുവെന്ന വിമർശനം ശക്തമാണ്. ബ്രിട്ടീഷ് മാധ്യമനിയന്ത്രണ ഏജൻസിയും പങ്കെടുത്തവരുടെ ക്ഷേമസംരക്ഷണത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി.

“പരിചയമില്ലാത്ത ആളുകളെ വളരെ വേഗത്തിൽ അടുപ്പത്തിലേക്ക് നയിക്കുന്ന ആശയം അപകടസാധ്യത നിറഞ്ഞതാണെന്ന് ബ്രിട്ടീഷ് പാർലമെന്ററി സമിതി അധ്യക്ഷ പ്രതികരിച്ചു. സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും പരിഗണിക്കാത്ത റിയാലിറ്റി ഷോകൾക്കെതിരെ കൂടുതൽ കർശന മാനദണ്ഡങ്ങൾ വേണമെന്ന ആവശ്യം ശക്തമാകുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണത്തിന് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.











Leave a Reply