ന്യൂഡൽഹി ∙ റഷ്യ–യുക്രൈൻ യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തിൽ ചേർന്ന 49 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട് ആകെ 217 ഇന്ത്യക്കാർ റഷ്യൻ സേനയിൽ ചേർന്നതായും, നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി 139 പേരെ ഇതിനകം മോചിപ്പിച്ചതായും കേന്ദ്രം സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ പറയുന്നു. ആറ് ഇന്ത്യൻ പൗരന്മാരെ കാണാതായതായും 23 പേരുടെ നിലവിലെ സ്ഥിതി വ്യക്തമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

റഷ്യയിലെത്തിയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. മോസ്കോയിലെ ഇന്ത്യൻ എംബസി റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, കാണാതായവരെ കണ്ടെത്തുന്നതിനും മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുമായി 21 പേരുടെ ബന്ധുക്കളുടെ ഡിഎൻഎ വിവരങ്ങൾ റഷ്യയ്ക്ക് കൈമാറിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉയർന്ന ശമ്പളവും റഷ്യൻ പൗരത്വവും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകിയാണ് ചില ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിലേക്ക് ആകർഷിച്ചതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഏകദേശം 5,000 ഡോളർ മുൻകൂർ ബോണസ്, പ്രതിമാസം 2,500 ഡോളർ ശമ്പളം, മരിച്ചാൽ വലിയ നഷ്ടപരിഹാരം എന്നിവ വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ട് പ്രവർത്തിച്ച മനുഷ്യക്കടത്ത് സംഘങ്ങൾക്കും അനധികൃത റിക്രൂട്ട്മെന്റ് ശൃംഖലകൾക്കും എതിരെ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.