ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഭക്ഷ്യവിലക്കയറ്റം അടുത്ത വർഷം മധ്യത്തോടെ 3 മുതൽ 5 ശതമാനം വരെ ഉയർന്നേക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. നിലവിൽ ഏകദേശം 1.3 ശതമാനമായ ഭക്ഷ്യവിലക്കയറ്റം പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ നിലയിലാണെങ്കിലും വരും മാസങ്ങളിൽ വലിയ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇറാൻ യുദ്ധത്തെത്തുടർന്നുള്ള എണ്ണ, പ്രകൃതിവാതക വിലവർധനയും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് പ്രധാന ആശങ്കകൾ. പാർലമെന്റിന്റെ ട്രഷറി സെലക്ട് കമ്മിറ്റിക്ക് മുന്നിൽ ഹാജരായ ബാങ്ക് ഡെപ്യൂട്ടി ഗവർണർ ക്ലെയർ ലൊംബാർഡെല്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബാങ്ക് പലിശനിരക്ക് 3.75ൽ നിന്ന് 4 ശതമാനമായി ഉയർത്തിയിരുന്നു.

ഇന്ധനവിലയിലെ കുതിച്ചുചാട്ടത്തെത്തുടർന്ന് ബ്രിട്ടനിലെ വാർഷിക പണപ്പെരുപ്പം കഴിഞ്ഞ മാസം 3.6 ശതമാനത്തിലെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ പെട്രോൾ, ഡീസൽ വിലകളിൽ 33 ശതമാനത്തിലേറെ വർധനയുണ്ടായി. അതേസമയം, ഭക്ഷ്യവിലയിൽ ഇതുവരെ വലിയ പ്രതിഫലനം ഉണ്ടായിട്ടില്ല. 2023ൽ ഭക്ഷ്യവിലക്കയറ്റം 17 ശതമാനത്തിന് മുകളിലെത്തിയിരുന്നു. സൂപ്പർമാർക്കറ്റുകൾ തമ്മിലുള്ള കടുത്ത മത്സരമാണ് ഇപ്പോഴത്തെ വിലവർധന നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതെന്ന് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി അംഗം കാതറിൻ മാൻ ചൂണ്ടിക്കാട്ടി. എൽ നിനോ കാലാവസ്ഥാ പ്രതിഭാസം അടുത്ത വർഷത്തെ ഭക്ഷ്യവിലയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലും ബാങ്ക് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞാൽ പണപ്പെരുപ്പ പ്രവചനങ്ങളിലും മാറ്റമുണ്ടാകുമെന്ന് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്ലി പറഞ്ഞു. എന്നാൽ ജനുവരി മുതൽ ബ്രിട്ടനിലെ ഗാർഹിക ഊർജ ബില്ലുകളിൽ 26 ശതമാനം വർധന പ്രതീക്ഷിക്കുന്നതിനാൽ വിലക്കയറ്റ സമ്മർദം തുടരുമെന്നാണ് വിലയിരുത്തൽ. പണപ്പെരുപ്പം ദീർഘകാലം 2 ശതമാനം ലക്ഷ്യത്തിന് മുകളിൽ തുടരുന്നത് നിയന്ത്രിക്കാൻ കൂടുതൽ കാലം ഉയർന്ന പലിശനിരക്ക് നിലനിർത്തേണ്ടിവരുമെന്ന് കമ്മിറ്റി അംഗം കാതറിൻ മാൻ മുന്നറിയിപ്പ് നൽകി. പലിശനിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ കമ്മിറ്റി അംഗങ്ങൾക്കിടയിലും അഭിപ്രായവ്യത്യാസമുണ്ട്. അടുത്ത പലിശനിരക്ക് നിർണയ യോഗം ഡിസംബർ 17ന് നടക്കും.











Leave a Reply