ചെന്നൈ: തമിഴ്‌നാട് സർക്കാരിന് കീഴിൽ ജോലി ചെയ്യുന്ന വിവാഹിതരായ പുരുഷ ജീവനക്കാർക്ക് 15 ദിവസത്തെ പിതൃത്വ അവധി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി വിജയ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കുഞ്ഞ് ജനിക്കുന്ന സമയത്ത് ഭാര്യയ്ക്ക് ആവശ്യമായ പിന്തുണ നൽകാനും നവജാതശിശുവിന്റെ പരിചരണത്തിൽ അച്ഛന്റെ പങ്കാളിത്തം ഉറപ്പാക്കാനുമാണ് പുതിയ തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി. കുടുംബജീവിതത്തിൽ അച്ഛന്റെ ഉത്തരവാദിത്വവും പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്.

നിലവിൽ തമിഴ്‌നാട്ടിലെ വനിതാ സർക്കാർ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി അനുവദിക്കുന്നുണ്ട്. ഇതിന് സമാനമായി പുരുഷ ജീവനക്കാർക്കും പിതൃത്വ അവധി അനുവദിക്കണമെന്ന ആവശ്യം ജീവനക്കാരുടെ സംഘടനകളും വിവിധ വിഭാഗങ്ങളും നേരത്തെ ഉന്നയിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് 15 ദിവസത്തെ അവധി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുമ്പ് മുതലോ പ്രസവം നടന്ന തീയതി മുതൽ ആറു മാസത്തിനുള്ളിലോ ജീവനക്കാർക്ക് ഈ അവധി പ്രയോജനപ്പെടുത്താം. ഭാര്യയുടെ പ്രസവസമയത്തും കുഞ്ഞിന്റെ ആദ്യകാല പരിചരണത്തിലും അച്ഛന്റെ സാന്നിധ്യം ഉറപ്പാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും കുടുംബപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ അവധി നൽകുന്ന ഈ നടപടി ജീവനക്കാരുടെ ക്ഷേമരംഗത്ത് ശ്രദ്ധേയമായ തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്.