കൊച്ചി: നഗരമധ്യത്തിൽ ഹോംസ്റ്റേ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പെൺവാണിഭ കേന്ദ്രം കണ്ടെത്തി. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനും പള്ളിക്കും സമീപം രണദിവെ റോഡിലുള്ള മൂന്നുനില കെട്ടിടത്തിലാണ് എളമക്കര പൊലീസ് മിന്നൽ പരിശോധന നടത്തിയത്. ഹോംസ്റ്റേ എന്ന പേരിൽ വെബ്സൈറ്റുകളിൽ പരസ്യം നൽകി ദിവസവാടകയ്ക്ക് മുറികൾ നൽകിയിരുന്ന സ്ഥാപനത്തിന്റെ രണ്ടാം നിലയിലാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരും ഏജന്റുമാരുമായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി അഖിൽ കൃഷ്ണ (30), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി അഫ്സൽ (27), കൊല്ലം സ്വദേശി അക്ബർഷാ നവാസ് (24) എന്നിവരാണ് പിടിയിലായത്. സ്ഥാപനത്തിന്റെ ഉടമസ്ഥരെന്ന് കരുതുന്ന ഇടുക്കി സ്വദേശി കിഷോറും ഭാര്യയും ഒളിവിലാണ്.

കളമശേരി സ്പാ കൂട്ടബലാത്സംഗക്കേസിലെ ഒന്നാം പ്രതി ശ്രീരാജിന്റെ ബിസിനസ് പങ്കാളിയാണ് കിഷോറെന്നാണ് പൊലീസിന് ലഭിച്ച വിവരം. സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി ലഹരി നൽകി കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശ്രീരാജ് നിലവിൽ ജയിലിലാണ്. ഈ സ്പായുടെ നടത്തിപ്പിലും കിഷോറിന് പങ്കുണ്ടായിരുന്നുവെന്നാണ് വിവരം. ഇടപ്പള്ളി കേന്ദ്രീകരിച്ച് സമാനമായ രീതിയിൽ പെൺവാണിഭവും ലഹരിമരുന്ന് ഇടപാടുകളും നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. അറസ്റ്റിലായവരെ കൂടാതെ രണ്ട് ഇടപാടുകാരെയും അഞ്ച് സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ രണ്ടുപേർ മലയാളികളും മറ്റുള്ളവർ പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ് സ്വദേശികളുമാണ്. സ്ത്രീകളെ ഇരകളായാണ് പൊലീസ് കണക്കാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെട്ടിടത്തിലെ രണ്ടാം നിലയിൽ നാല് എ.സി മുറികളിലായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ഉപഭോക്താക്കളിൽനിന്ന് മണിക്കൂറിന് 2,500 രൂപ മുതൽ 10,000 രൂപ വരെയാണ് ഈടാക്കിയിരുന്നതെന്നാണ് കണ്ടെത്തൽ. ഇതിൽ സ്ത്രീകൾക്ക് 1,500 മുതൽ 2,000 രൂപ വരെ നൽകിയിരുന്നു. ‘ലോക്കാൻഡോ’ എന്ന ഓൺലൈൻ ഡേറ്റിങ് ആപ്ലിക്കേഷൻ കൂടാതെ ഫെയ്സ്ബുക്ക്, ടെലഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴിയാണ് ഇടപാടുകാരെയും സ്ത്രീകളെയും എത്തിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏജന്റുമാരുള്ള വലിയ ശൃംഖല ഇതിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.