ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഗർഭിണിയായിരുന്ന പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഭീഷണിസന്ദേശം പോസ്റ്റ് ചെയ്തതിന് യുവതിയുടെ സ്റ്റെപ്‌ഫാദറിന് പിഴശിക്ഷ വിധിച്ചു . കൊല്ലപ്പെട്ട ജയ്ഡൻ പാർകിൻസന്റെ സ്റ്റെപ്‌ഫാദറായ ഡീൻ ജോൺസിന് 50 പൗണ്ടാണ് കോടതി പിഴ ചുമത്തിയത്. “കൊലയാളി ആത്മഹത്യ ചെയ്യണം” എന്ന രീതിയിലുള്ള സന്ദേശമാണ് ഇയാൾ ഫെയ്‌സ്ബുക്കിലൂടെ അയച്ചതെന്ന് കോടതി കണ്ടെത്തി. 2013ൽ ഗർഭിണിയായിരുന്ന ജയ്ഡനെ കാമുകനായ ബെൻ ബ്ലേക്ക്‌ലി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച കേസാണ് ബ്രിട്ടനെ നടുക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസിലെ വിചാരണയും ജയ്ഡന്റെ മരണവും തന്റെ ജീവിതം തകർത്തുവെന്നാണ് ഡീൻ ജോൺസ് മാധ്യമങ്ങളോട് പറഞ്ഞത്. മകളുടെ മരണത്തിന് പിന്നാലെ മാനസിക ആഘാതം മൂലം ജീവിതം തകർന്നതായും വർഷങ്ങളോളം താത്കാലിക സ്ഥലങ്ങളിൽ താമസിക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. മകളെ കൊന്നയാൾ ജയിലിൽ സുരക്ഷിതമായി ജീവിക്കുമ്പോൾ തനിക്ക് മാനസികാരോഗ്യ സഹായം പോലും ലഭിക്കുന്നില്ല” എന്നും അദ്ദേഹം ആരോപിച്ചു. ജയ്ഡന്റെ മൃതദേഹം കണ്ടെത്തിയ ശേഷം മോർച്ചറിയിൽ അവസാനമായി കണ്ട നിമിഷങ്ങൾ ഇന്നും വിട്ടുമാറുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഭീഷണിസന്ദേശം അംഗീകരിക്കാനാവില്ലെങ്കിലും അതിന് പിന്നിലെ വേദന കോടതി മനസ്സിലാക്കുന്നുവെന്ന് ജഡ്ജി വ്യക്തമാക്കി. ഡീൻ ജോൺസിന് പിഴയ്‌ക്കൊപ്പം പത്ത് വർഷത്തെ നിയന്ത്രണ ഉത്തരവും പ്രൊബേഷൻ നിരീക്ഷണവും വിധിച്ചു. ജയ്ഡന്റെ കൊലപാതകത്തിന് ശേഷം പൊലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഗുരുതര വീഴ്ച വരുത്തിയെന്ന വിമർശനവും വീണ്ടും ശക്തമായിട്ടുണ്ട്. കാമുകന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ജയ്ഡന് ആവശ്യമായ സംരക്ഷണം ലഭിച്ചില്ലെന്നായിരുന്നു മുൻ അന്വേഷണ റിപ്പോർട്ടുകളുടെ കണ്ടെത്തൽ.