കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞ സംഭവത്തിൽ പിടിയിലായ യുവതി പത്തനംതിട്ട ജില്ലയിലെ സീതത്തോട് സ്വദേശിനിയാണെന്ന് പൊലീസ് വ്യക്തമാക്കി. വിദേശത്ത് ജോലി ചെയ്തുവരുന്ന യുവതി വീട്ടുകാരുടെ അറിവില്ലാതെയാണ് പ്രസവത്തിനായി കോഴിക്കോട്ടെത്തിയത്. ഗർഭിണിയായ വിവരം കുടുംബാംഗങ്ങൾ അറിഞ്ഞാൽ പ്രശ്നങ്ങളുണ്ടാകുമെന്ന ഭയമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമായതെന്നാണ് യുവതി പൊലീസിനോട് സൂചിപ്പിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഈ മാസം എട്ടിനാണ് യുവതി മെഡിക്കൽ കോളജിൽ എത്തിയത്. ആശുപത്രി രേഖകളിൽ വയനാട് സ്വദേശിനിയെന്ന വിലാസമാണ് നൽകിയിരുന്നത്. പിന്നീട് പ്രസവശേഷം ആശുപത്രി വിട്ട യുവതി കുഞ്ഞിന് അസുഖമാണെന്ന് പറഞ്ഞ് വീണ്ടും മെഡിക്കൽ കോളജിലെത്തി. വാർഡിലുണ്ടായിരുന്ന ഒരു സ്ത്രീയെ കുഞ്ഞിനെ അൽപസമയം നോക്കാൻ ഏൽപ്പിച്ച ശേഷം മടങ്ങിവരാമെന്ന് പറഞ്ഞ് പോയെങ്കിലും പിന്നീട് തിരിച്ചെത്തിയില്ല. ഏറെ നേരം കാത്തിരുന്ന ശേഷമാണ് സ്ത്രീ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിസിടിവി ദൃശ്യങ്ങളും ആശുപത്രി രേഖകളും പരിശോധിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ, യുവതി കഴിഞ്ഞ മൂന്ന് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുകയാണെന്ന വിവരവും പുറത്തുവന്നു. പ്രസവസമയത്ത് യുവതിക്ക് സഹായിയായി നിന്നിരുന്നവരിൽ നിന്ന് ലഭിച്ച വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി. കുഞ്ഞിന്റെ സംരക്ഷണവും തുടർ നിയമനടപടികളും ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.