ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോറിച്ച് ∙ ബ്രിട്ടനിലെ നോറിച്ച് നഗരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ‘ഗ്രൂമിങ് ഗാങ്’ കേസിൽ അഫ്ഗാൻ പൗരന്മാരായ ഏഴ് പേർക്ക് എതിരെ ബലാത്സംഗവും ബാലലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി. 2023 ഓഗസ്റ്റിനും 2025 മേയ്ക്കും ഇടയിൽ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. പ്രതികളിൽ അഞ്ചുപേർ ചെറുബോട്ടുകളിലൂടെ അനധികൃതമായി ബ്രിട്ടനിലെത്തിയവരാണെന്നും ഒരാൾ ലോറിയിലും മറ്റൊരാൾ പോർട്സ്മത്ത് ഫെറി തുറമുഖം വഴി രഹസ്യമായി പ്രവേശിക്കാൻ ശ്രമിച്ച ആളാണെന്നും പൊലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നോറിച്ച് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജൂൺ 19 വരെ റിമാൻഡ് ചെയ്തു. കേസിലെ ഇരകൾ സംഭവസമയത്ത് കൗമാരപ്രായക്കാരായ രണ്ട് പെൺകുട്ടികളാണെന്ന് നോർഫോക്ക് പൊലീസ് വ്യക്തമാക്കി. 2023 സെപ്റ്റംബറിൽ ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്നും, കുട്ടികളെ ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്ന എല്ലാനടപടികളും സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് ക്രെയ്ഗ് മില്ലർ പറഞ്ഞു.

ബുധനാഴ്ച നടന്ന റെയ്ഡിൽ നോറിച്ചിലെ ആറിടങ്ങളിലും സ്കോട്‍ലൻഡിലെ ഡംബാർട്ടണിലെ ഒരിടത്തുമായി ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് അയർലൻഡിൽ ഒളിവിലായിരുന്ന 19കാരനെയും ഗാർഡ ഷിയോകാന അറസ്റ്റ് ചെയ്തു. അതേസമയം, കുറ്റം ചുമത്തപ്പെട്ടവരിൽ ആരും നോർഫോക്കിലെ അഭയാർഥി ഹോട്ടലുകളിൽ താമസിച്ചിരുന്നില്ലെന്നും, ആരോപണവിധേയമായ സംഭവങ്ങളൊന്നും അത്തരം ഹോട്ടലുകളിൽ നടന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.