തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുമായി ബന്ധപ്പെട്ട ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ഇടപെട്ടത് എഡിജിപി എം.ആർ. അജിത് കുമാറിന്റെ നിർദേശപ്രകാരമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഗ്രേഡ് എസ്‌ഐമാർ മൊഴിനൽകി. എഡിജിപിയുടെ ഓഫിസിലെ ഗ്രേഡ് എസ്‌ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് ചോദ്യം ചെയ്യലിനിടെ പിഴവ് പറ്റിയെന്ന് സമ്മതിച്ചതെന്നാണ് വിവരം. ആദ്യം ആരോപണങ്ങൾ നിഷേധിച്ച ഇരുവരും തെളിവുകൾ നിരത്തിയതോടെയാണ് നിലപാട് മാറ്റിയത്.
എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും ചോദ്യം ചെയ്തത്. 2024 ഓഗസ്റ്റ് നാലിന് പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരായ മർദനക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫിസിലേക്ക് വിളിച്ചുവരുത്താൻ ഗിരീഷും ശ്രീകാന്തും ആവശ്യപ്പെട്ടതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച മൊഴി. അന്ന് എഡിജിപി വയനാട് ദുരന്തബാധിത മേഖലയിൽ ഉണ്ടായിരുന്നെങ്കിലും ഫോണിലൂടെയാണ് നിർദേശങ്ങൾ നൽകിയതെന്നും മൊഴിയിലുണ്ട്.
ഓഗസ്റ്റ് അഞ്ചിന് ഓഫിസിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ടിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നിർദേശങ്ങൾ നൽകിയതായും എന്നാൽ ആദ്യഘട്ടത്തിൽ റിപ്പോർട്ട് തിരുത്താതെ കോടതിയിൽ നൽകിയതായും പറയുന്നു. തുടർന്ന് എഡിജിപിയുടെ നിർദേശപ്രകാരം ഓഗസ്റ്റ് 13ന് ഉദ്യോഗസ്ഥരെ വീണ്ടും വിളിച്ചുവരുത്തി ഓഫിസിൽവെച്ച് റിപ്പോർട്ട് തിരുത്തിയെഴുതിയെന്നും 15ന് ഓഫിസിലെത്തിയ എഡിജിപി തിരുത്തിയ റിപ്പോർട്ട് പരിശോധിച്ച് അംഗീകരിച്ചുവെന്നുമാണ് ഗ്രേഡ് എസ്‌ഐമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്.











Leave a Reply