ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിലെ മലയാളി സമൂഹത്തിന് മാനസികാരോഗ്യ പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ “കേൾക്കാം” ആത്മഹത്യ പ്രതിരോധ ക്യാമ്പയിനും ഹെൽപ്ലൈനും ബ്രിട്ടീഷ് പാർലമെന്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെസ്റ്റ്മിൻസ്റ്ററിലെ ഹൗസ് ഓഫ് കോമൺസിലെ കമ്മിറ്റി റൂം 15 ൽ നടന്ന ചടങ്ങിലാണ് യുകെയിലെ ലക്ഷക്കണക്കിന് മലയാളികൾക്ക് സഹായകരമാകുന്ന പദ്ധതിക്ക് തുടക്കമായത്. കുടുംബജീവിതത്തിലും തൊഴിൽ മേഖലകളിലും ഉയരുന്ന സമ്മർദങ്ങൾ നേരിടുന്നവർക്ക് ആശ്വാസമാകുന്ന ആദ്യ മലയാളി കേന്ദ്രീകൃത ഹെൽപ്ലൈൻ പദ്ധതിയെന്ന നിലയിലാണ് ഇതിനെ അവതരിപ്പിക്കുന്നത്.

ചടങ്ങിന് ആതിഥേയത്വം വഹിച്ചത് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെലക്ട് കമ്മിറ്റി അംഗവും എംപിയുമായ ഡാനി ബീൽസായിരുന്നു. യുകെ മലയാളി എംപിയും മുൻ എൻഎച്ച്എസ് മാനസികാരോഗ്യ നേഴ്സുമായ സോജൻ ജോസഫ് ഉൾപ്പെടെ വിവിധ പൊതുപ്രവർത്തകരും സാമൂഹിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. യുകെയിലെ മലയാളി സമൂഹത്തിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന സംവാദങ്ങൾക്ക് ഈ സംരംഭം വഴിയൊരുക്കുമെന്ന പ്രതീക്ഷയും പങ്കുവെക്കപ്പെട്ടു.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ മുഖ്യാതിഥിയായ ചടങ്ങിൽ, “കേൾക്കാം” സ്ഥാപകയും ചാർട്ടേഡ് സൈക്കോളജിസ്റ്റുമായ ഡോ. ജെസ്ന തൊട്ടിയാനും സംഘവും പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനരീതികളും വിശദീകരിച്ചു. ജീവിത സമ്മർദങ്ങൾ, ഏകാന്തത, മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയ സാഹചര്യങ്ങളിൽ സഹായം ആവശ്യമുള്ളവർക്ക് കേൾക്കാനും കൈത്താങ്ങാകാനും ലക്ഷ്യമിട്ടുള്ള ഈ സംരംഭം യുകെ മലയാളി സമൂഹത്തിൽ പുതിയൊരു ഇടപെടലായാണ് വിലയിരുത്തപ്പെടുന്നത്.











Leave a Reply