ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഉക്രൈന് പിന്തുണപ്രഖ്യാപിച്ച് റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചിരിക്കുകയാണ്. യുകെയുടെ പ്രവർത്തനങ്ങൾ വളരെ സാവധാനത്തിലാണ് എന്ന കുറ്റപ്പെടുത്തലിനെ തുടർന്നാണ് ഈ നടപടി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ബന്ധമുള്ള വ്യക്തികളുടെയും കമ്പനികളുടെയും എല്ലാം അസറ്റുകൾ യുകെ ഗവൺമെന്റ് നിലവിൽ മരവിപ്പിച്ചിരിക്കുകയാണ്. ഇതോടൊപ്പംതന്നെ ഇക്കണോമിക് ക്രൈം ബില്ലുമായി മുന്നോട്ടു പോകുവാനും യുകെ ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ റഷ്യയിൽ നിന്നും മറ്റും ഉള്ള വിദേശ ഇൻവെസ്റ്ററുമാർ യുകെയിൽ നിക്ഷേപിച്ചിരിക്കുന്ന അനധികൃത പണത്തിനുമേൽ പിടിവീഴും എന്നാണ് ഗവൺമെന്റ് അധികൃതർ വ്യക്തമാക്കുന്നത്. ഒരുതരത്തിലുള്ള അനധികൃത മണിയും യുകെയിൽ അനുവദിക്കുകയില്ല എന്നാണ് പ്രധാനമന്ത്രി ബോർഡ് സ്റ്റോൺസ് വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ ഏകാധിപത്യ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ബന്ധം പുലർത്തുന്നവരെയും അനുവദിക്കുകയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഉക്രൈനിനു മേലുള്ള റഷ്യയുടെ കടന്നുകയറ്റത്തെ തുടർന്നാണ് ഇത്തരത്തിലുള്ള അടിയന്തര നടപടികൾ എന്ന് ആഭ്യന്തര സെക്രട്ടറിയും വ്യക്തമാക്കി.

ബ്രിട്ടണും മറ്റ് സഹ രാജ്യങ്ങളും ഉക്രൈന് എല്ലാ സഹായവും ഉറപ്പാക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ യുകെ ഡിസാസ്റ്റർസ് എമർജൻസി കമ്മിറ്റി ഉക്രൈൻ അഭയാർഥികൾക്കായി നടത്തിയ പണ സമാഹരണത്തിൽ ഒരു ദിവസം കൊണ്ട് തന്നെ 55 മില്യൺ പൗണ്ട് ശേഖരിച്ചിരിക്കുകയാണ്. മനുഷ്യത്വപരമായ ഈ സഹായത്തിന് നിരവധി ആളുകളാണ് പണം നൽകിയതെന്ന് കമ്മിറ്റി വ്യക്തമാക്കി. ഇതിൽ യുകെ ഗവൺമെന്റ് നൽകിയ 20 മില്യൺ പൗണ്ടും ഉൾപ്പെടുന്നുണ്ട്. ഏകദേശം ഒരു മില്യണിൽ അധികം ആളുകൾ ഇപ്പോൾ തന്നെ ഉക്രൈനിൽ നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റഷ്യൻ ആക്രമണം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ഇനിയും അധികം അഭയാർഥികൾ ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. ഉക്രൈന് സഹായം നൽകണമെന്ന ആവശ്യവുമായി നിരവധി ചലച്ചിത്ര താരങ്ങളും രംഗത്തെത്തി.