റാന്നിയിൽ വീട്ടിൽ ഒളിഞ്ഞുനോക്കിയെന്നാരോപിച്ച് 56കാരനായ വർഗീസ് മാത്യുവിന് നേരെ ആൾക്കൂട്ടത്തിന്റെ ക്രൂര മർദനം. ജൂൺ 7-ന് രാത്രി ചെമ്പൻമുഖം പ്രദേശത്തുവച്ചാണ് സംഭവം. കയ്യും കാലും കഴുത്തും കയറുപയോഗിച്ച് കൂട്ടിക്കെട്ടി വിവസ്ത്രനാക്കിയ ശേഷമാണ് മർദിച്ചതെന്നാണ് വിവരം.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. മർദിച്ചവർ തന്നെയാണ് വിഡിയോ പകർത്തി പങ്കുവച്ചതെന്നാണ് സൂചന. മുഖത്തടിക്കുകയും നിലത്തുവീണ ശേഷം ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താൻ മോഷ്ടിക്കാൻ വന്നതല്ലെന്ന് കരഞ്ഞുപറയുന്നതും വിഡിയോയിൽ കേൾക്കാം.
ഗുരുതരമായി പരുക്കേറ്റ വർഗീസ് മാത്യുവിനെ റാന്നി പൊലീസ് ആശുപത്രിയിലെത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പരാതിയില്ലെന്ന് ഇയാൾ പൊലീസിനെ അറിയിച്ചെങ്കിലും മൊഴിയെടുത്ത് കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, വീട്ടിൽ ഒളിഞ്ഞുനോക്കിയെന്ന പരാതിയിൽ വർഗീസ് മാത്യുവിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.











Leave a Reply