കോഴിക്കോട് ∙ ഫറോക്ക് സ്വദേശിയായ 43-കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില പിന്നീട് വഷളാവുകയായിരുന്നു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചെങ്കിലും അന്തിമ ഫലത്തിനായി രോഗിയുടെ സ്രവസാമ്പിൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനും വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുമായി ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. രോഗിയുമായി അടുത്തിടപഴകിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.
വവ്വാലുകളിലൂടെയോ പന്നികളിലൂടെയോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള ജന്തുജന്യ വൈറസ് രോഗമാണ് നിപ. വൈറസ് ബാധിച്ച വവ്വാലുകളുടെ ഉമിനീരോ മൂത്രമോ കലർന്ന ഭക്ഷണപദാർഥങ്ങൾ, പാനീയങ്ങൾ, വവ്വാൽ കടിച്ച പഴങ്ങൾ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. പനി, ശരീരവേദന, തലവേദന, ശ്വാസതടസ്സം, ഛർദ്ദി, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.











Leave a Reply