ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്റ്റെക്കയിൽ നടന്ന 2026 ഫിഫ ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിലെ ഗായിക ഷക്കീരയുടെ പ്രകടനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. കറുത്ത സൺഗ്ലാസും വ്യത്യസ്ത ഹെയർസ്റ്റൈലുമായി വേദിയിലെത്തിയ ഷക്കീരയെ കണ്ട ആരാധകരിൽ ചിലർ, പരിപാടിയിൽ പങ്കെടുത്തത് യഥാർത്ഥ ഷക്കീരയല്ലെന്നും ‘ബോഡി ഡബിൾ’ ആണെന്നുമുള്ള സംശയങ്ങളുമായി എക്സിൽ പോസ്റ്റുകൾ പങ്കുവച്ചു.

ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’ അഫ്രോബീറ്റ്സ് താരം ബർണ ബോയിയോടൊപ്പം ആലപിച്ച ഷക്കീരയുടെ രൂപത്തിലും നൃത്തച്ചുവടുകളിലും വലിയ മാറ്റമുണ്ടെന്നായിരുന്നു ചിലരുടെ വിമർശനം. മുഖം സൺഗ്ലാസിൽ മറച്ചുവച്ചത് സംശയങ്ങൾക്കു വഴിവച്ചതായും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ നെറ്റിയിലെ മുറിവിന്റെ അടയാളം, പല്ലുകളുടെ രൂപം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി അത് ഷക്കീര തന്നെയാണെന്ന് ആരാധകരിൽ മറ്റൊരു വിഭാഗം പ്രതികരിച്ചു.

അതേസമയം, കഴിഞ്ഞ മാസം ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന സൗജന്യ സംഗീതപരിപാടിയിൽ ഏകദേശം ഇരുപത് ലക്ഷം ആളുകൾക്കു മുന്നിൽ ഷക്കീര അവതരിപ്പിച്ച പ്രകടനവും വലിയ ശ്രദ്ധ നേടിയിരുന്നു. ‘ഹിപ്സ് ഡോൺറ്റ് ലൈ’, ‘ലാ ടോർടുറ’, ‘ലാ ബിസിക്ലേറ്റ’ അടക്കമുള്ള ഗാനങ്ങൾ ആലപിച്ച താരം, വേൾഡ് ടൂറിന്റെ ഭാഗമായി നിരവധി വമ്പൻ പരിപാടികളുമായി മുന്നേറുകയാണ്.











Leave a Reply