ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- അടുത്തിടെ എൻഎച്ച്എസിലെ രണ്ട് വനിത ഡോക്ടർമാർ ഓൺലൈനായി ആരംഭിച്ച മീ റ്റു ക്യാമ്പയിനിങ്ങിനെ സംബന്ധിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ജേർണലിസ്റ്റ് ജെനി മറേ. ജനറൽ പ്രാക്ടീഷണർ ആയിരിക്കുന്ന ഡോക്ടർ ബെക്കി കോക്സും, എമർജൻസി മെഡിസിൻ ട്രെയിനി ആയിരിക്കുന്ന ഡോക്ടർ ചെൽസി ജെവിറ്റും ചേർന്നാണ് ഓൺലൈനായി വനിതാ ഡോക്ടർമാർ എൻ എച്ച് എസ് സ്ഥാപനങ്ങളിൽ അനുഭവിക്കുന്ന അവഗണനകളെയും പീഡനങ്ങളെയും സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ഇപ്പോൾ തന്നെ നിരവധി സ്റ്റാഫുകളാണ് തങ്ങൾ ജോലിസ്ഥലത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ഈ ഓൺലൈൻ വെബ്സൈറ്റിൽ രേഖപ്പെടുത്തി കഴിഞ്ഞത്. സീനിയർ ഡോക്ടർമാരിൽ നിന്നുള്ള പീഡനങ്ങൾ, മോശമായ വാക്കുകൾ, രോഗികളിൽ നിന്നുള്ള മോശമായ പെരുമാറ്റം എന്നിവയെല്ലാം തന്നെ സ്ത്രീകൾ അനുഭവിക്കേണ്ടതായി വരുന്നുവെന്ന് ഈ ഓൺലൈൻ ക്യാമ്പയിനിങ്ങിൽ വ്യക്തമാക്കിയിട്ടുള്ള അനുഭവങ്ങളിൽ നിന്ന് വെളിപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള പ്രതികരണവുമായാണ് പ്രശസ്ത ജേർണലിസ്റ്റ് ജെനി മറേ രംഗത്തെത്തിയിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ഒബ്സ്റ്റട്രിക് കൺസൾട്ടന്റ് ആയിരുന്ന വെൻഡി സാവേജിൽ നിന്നും താൻ കേട്ടറിഞ്ഞ കാര്യങ്ങൾ ഇതിൽ നിന്നും ഒട്ടും തന്നെ വ്യത്യസ്തമല്ലെന്ന് മറേ വ്യക്തമാക്കുന്നു. അതിനുശേഷം 50 വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്ത്രീകളുടെ സാഹചര്യത്തിൽ വ്യക്തമായ പുരോഗമനം ഉണ്ടെന്നാണ് താൻ ധരിച്ചതെങ്കിലും , ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെയാണ് ജോലി സ്ഥലങ്ങളിൽ സ്ത്രീകൾ തുടരുന്നതെന്ന് ഇപ്പോഴത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നതായി മറേ വ്യക്തമാക്കി.

ഭൂരിഭാഗം ഇടങ്ങളിലും പുരുഷന്മാർക്കാണ് മേൽക്കോയ്മ ലഭിക്കുന്നത്. ഫീമെയിൽ ഡോക്ടർമാർ തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് സീനിയർ ഡോക്ടർമാരോട് പരാതി പറയുമ്പോൾ ലഭിക്കുന്ന മറുപടി തികച്ചും നിസ്സംഗതയാണ്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞവർഷം പുറത്തിറക്കിയ റിപ്പോർട്ടിൽ ആരോഗ്യമേഖലയിൽ ഇത്തരത്തിലുള്ള സ്ത്രീപുരുഷ വ്യത്യാസങ്ങൾ പരക്കെ ഉള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് താനെന്നും മറേ വ്യക്തമാക്കി.