ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടർമാർ അടുത്ത ആഴ്ച നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ശമ്പളവും തൊഴിൽ അവസരങ്ങളുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനായി ബ്രിട്ടിഷ് സർക്കാർ മുന്നോട്ടുവച്ച പുതിയ നിർദേശം ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അംഗങ്ങളുടെ വോട്ടെടുപ്പിന് വിധേയമാക്കാൻ തീരുമാനിച്ചതോടെയാണ് സമരനടപടി താൽക്കാലികമായി നിർത്തിവെച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സർക്കാരിന്റെ പുതിയ നിർദേശത്തിൽ 2027 ഏപ്രിലോടെ പൂർണമായി നടപ്പാക്കുന്ന ശരാശരി 6.6 ശതമാനം ശമ്പളവർധനയും അടുത്ത മൂന്ന് വർഷത്തിനിടെ 4,500 അധിക സ്പെഷാലിറ്റി പരിശീലന തസ്തികകളും ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ മുന്നോട്ടുവച്ച 4.9 ശതമാനം ശമ്പളവർധന ഡോക്ടർമാർ നിരസിച്ചിരുന്നു.

പുതിയ നിർദേശം അംഗങ്ങൾ തള്ളിക്കളഞ്ഞാൽ ജൂലൈയിൽ കൂടുതൽ ശക്തമായ സമരനടപടികളിലേക്ക് കടക്കുമെന്ന് ബിഎംഎ മുന്നറിയിപ്പ് നൽകി. അതേസമയം, സമരം ഒഴിവായതോടെ രോഗികൾക്കും ആശുപത്രികൾക്കും ആശ്വാസമായെന്ന് എൻഎച്ച്എസ് അധികൃതർ പ്രതികരിച്ചു.