ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ നിലവിലുള്ള ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി ശൈത്യകാലത്ത് മൂന്ന് മണിക്കൂർ വീതമുള്ള പവർകട്ടുകൾ ഏർപ്പെടുത്തുവാൻ സർക്കാർ ധാരണയായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. വൈദ്യുതി സംരക്ഷണത്തിനായി യുകെയിലുടനീളം ബ്ലാക്ക്ഔട്ടുകൾ ഏർപ്പെടുത്താൻ വൈദ്യുതി വിതരണ എമർജൻസി കോഡ് (ഇ എസ് ഇ സി ) പ്രധാനമന്ത്രിക്ക് അധികാരം നൽകുന്നുണ്ട്. അതും പ്രകാരമാണ് പവർകട്ടുകൾ ഏർപ്പെടുത്താനുള്ള ഗവൺമെന്റ് പദ്ധതി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

ഊർജ്ജ പ്രതിസന്ധി രൂക്ഷമായ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പവർകട്ടുകൾ സാധാരണമാകുമെന്ന് നാഷണൽ ഗ്രിഡ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. പല ഘട്ടങ്ങളായാണ് ഈ പദ്ധതി നടപ്പിലാക്കുവാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത്. ആദ്യത്തെ ഘട്ടത്തിൽ ജനങ്ങളോട് തങ്ങളുടെ ഊർജ്ജ ഉപയോഗം കുറയ്ക്കണമെന്ന് ഗവൺമെന്റ് അഭ്യർത്ഥന ഉണ്ടാകും. രണ്ടാമത്തെ ഘട്ടത്തിൽ കമ്പനികളുടെ വൈദ്യുതി ഉപയോഗത്തിൽ ഒരു നിശ്ചിത ശതമാനം കുറവ് വരുത്തണമെന്നുള്ള നിയന്ത്രണങ്ങൾ കർശനമായി ഏർപ്പെടുത്തും. ഏറ്റവും അവസാനത്തെ ഘട്ടത്തിലാണ് യുകെയിൽ ഉടനീളം പവർകട്ടുകൾ ഏർപ്പെടുത്തുവാൻ ഉള്ള ധാരണയായിരിക്കുന്നത്.


യുകെയിൽ പവർ സപ്ലൈ നടത്തുന്ന വിതരണക്കാർ തങ്ങളുടെ വിതരണത്തെ 18 ലോഡ് ബ്ലോക്കുകളായാണ് വിഭജിച്ചിരിക്കുന്നത്. അവ പോസ്റ്റ് കോഡുകൾ പോലെ പ്രവർത്തിക്കുന്നത്. ഓരോ ബ്ലോക്കിനും എ, യു എന്നിവയ്ക്കിടയിൽ ഒരു അക്ഷരം നൽകിയിട്ടുണ്ട്. എഫ്, ഐ, ഒ എന്നീ അക്ഷരങ്ങൾ ഉപയോഗിക്കില്ല. ഓരോ ലോഡ് ബ്ലോക്കിലും ഉൾപ്പെടുന്ന കുടുംബങ്ങൾ രാജ്യത്തുടനീളം ചിതറിക്കിടക്കുന്നതിനാൽ ഒരു പ്രദേശത്തെ പവർ സപ്ലൈ പൂർണമായും ഒരേ സമയം നിലയ്ക്കുകയില്ല. മൂന്നു മണിക്കൂർ വീതമുള്ള എട്ടു സ്ലോട്ടുകളായി ആഴ്ചയിൽ എല്ലാ ദിവസവും ഇത്തരത്തിലുള്ള പവർകട്ടുകൾ ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ഭാഗത്ത് നിന്നും പൂർണമായ സഹകരണം ഉണ്ടാകണമെന്ന ആവശ്യമാണ് ഗവൺമെന്റ് ഉന്നയിക്കുന്നത്.